വിക്ടർ ലീനസ്
പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്ന വിക്ടർ ലീനസ് 1946 സെപ്റ്റംബർ 2 ആം തിയതി എറണാംകുളത്തെ വൈറ്റിലയിലാണ് ജനിച്ചത്.
ജന്തു ശാസ്ത്രത്തിൽ ബിരുദവും സമുദ്ര ശാസ്ത്രത്തിൽ ഉപരിബിരുദവും നേടിയ ശേഷം മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന ഇദ്ദേഹം 1976 ൽ പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു.
ഇസബെല്ല, സോഷ്യലിസ്റ്റ് ലേബർ എന്നി മാസികകളുടെ പത്രാധിപരായ അദ്ദേഹം തുടർന്ന് ബ്ലീറ്റ്സ്, ഓൺ ലുക്കർ മാസികകളുടെ കേരള ലേഖകനായി ജോലി നോക്കി. ഇതിനിടയിൽ രാമു കാര്യാട്ടിന്റെ സഹായിയായി സിനിമയിലും ജോലി ചെയ്ത ഇദ്ദേഹം 1980 ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലങ്കാറ്റ് എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയുണ്ടായി.
വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളും, അമിതമായ മദ്യപാനവും നിമിത്തം ഇദ്ദേഹത്തിന്റെ കുടുംബം ജീവിതം സംഘർഷഭരിതമായി. ഇതേ തുടർന്ന് 1991 ൽ ഇദ്ദേഹത്തിന്റെ ഭാര്യ ബേഡി ആത്മഹത്യ ചെയ്തു. ഭാര്യയുടെ ആത്മഹത്യ കൊലപാതകമായി അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടു. ഇത് ഇദ്ദേഹത്തെ തകര്‍ത്ത് കളഞ്ഞു.
1992 ഫെബ്രുവരി 22 ആം തിയതി എറണാകുളം മനോരമ ഓഫീസിന്റെ വടക്കുവശത്ത് അമിതമായി മദ്യപിച്ച നിലയിൽ വീണു കിടക്കുകയായിരുന്ന ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഒടുവിൽ തിരിച്ചറിയപ്പെടാതെ കലൂർ ശ്മശാനത്തിൽ സംസ്‌കരിക്കാൻ തയ്യാറെടുക്കുമ്പോൾ പത്രവാർത്തയിലെ ഫോട്ടോ തിരിച്ചറിഞ്ഞ സുഹൃത്തുക്കൾ അദ്ദേഹത്തെ തൈക്കൂടം പള്ളിയിൽ സംസ്‌കരിക്കുകയായിരുന്നു.
ഏക മകൾ അമലാ ലീനസ് വിവാഹിതയായി കൊച്ചിയിൽ കഴിയുന്നു.