താപ്‌സി പന്നു

Taapsi Pannu

ഇന്ത്യൻ ചലച്ചിത്ര നടി. 1987 ആഗസ്റ്റിൽ ദിൽ മോഹൻ സിംഗ് പന്നുവിന്റെയും  നിർമ്മല ജീത്തിന്റെയും മകളായി ഡൽഹിയിൽ ജനിച്ചു.  ഡൽഹി അശോക് വിഹാറിലെ മാതാ ജെയ് കൗർ പബ്ലിക് സ്കൂളിലായിരുന്നു താപ്സിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു. പഠനത്തിനു ശേഷം സോഫ്റ്റ്വെയർ എഞ്ചിനിയറായി ജോലിചെയ്തിരുന്ന സമയത്ത് സി വി ചാനലിന്റെ ഒരു ടാലന്റ് ഷോയിൽ പങ്കെടുത്തതോടെ മോഡലിംഗിലേയ്ക്ക് തിരിഞ്ഞു.  വലിയ ബ്രാൻഡുകൾ പലതിന്റെയും മോഡലായി തപ്സി.  "പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്", "സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ 2008" എന്നീ അവാർഡുകൾ 2008-ൽ ലഭിച്ചിട്ടുണ്ട്. മോഡലിംഗിൽ നിന്നുമാണ് താപ്സി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.

2010-ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമ്മാണ്ടി നാഡം  എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. ആ വർഷം തന്നെ തമിഴിൽ ആടുകളം എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് തമിഴ്, തെലുങ്കു ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികയായി. ചഷ്മെ ബാദൂർ എന്ന സിനിമയിലൂടെയാണ് താപ്സി ഹിന്ദിയിലെത്തുന്നത്. അമിതാഭ് ബച്ചൻ സിനിമയായ പിങ്ക് ഉൾപ്പെടെ ഹിന്ദിയിൽ ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.  2011-ൽ മമ്മൂട്ടി നായകനായ ഡബിൾസ് എന്ന സിനിമയിലൂടെയാണ് താപ്സി പന്നു മലയാളത്തിൽ അഭിനയിക്കുന്നത്. 2019- ലെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ താപ്സി പന്നു കരസ്ഥമാക്കിയിട്ടുണ്ട്.