ടി പി കിഷോർ
ചിത്രകാരനായിരുന്ന പത്മനാഭ അയ്യരുടേയും തുളസി ലക്ഷ്മി അമ്മാളിന്റേയും മകനായി തിരുവനന്തപുരം ജില്ലയിലെ പാളയത്ത് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കിഷോർ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും, ഭാഷാ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. അതിനുശേഷം മലയാളനാട് വാരികയിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് ഗവണ്മെന്റ് സർവീസിൽ കയറിയ കിഷോർ സെക്രട്ടറിയേറ്റിലും ട്രഷറി വകുപ്പിലും ജോലി ചെയ്തു.
ടി.പി. കിഷോർ മലയാള ചെറുകഥാസാഹിത്യത്തിലെ പ്രതിഭാശാലി എഴുത്തുകാരനാണ്. ചെറുപ്പത്തിൽ 'നീലിമ' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക നടത്തിയിരുന്നു. അദ്ദേഹം നല്ലൊരു ചിത്രകാരനായിരുന്നു, കഥകളിൽ ജീവിതങ്ങളെ വരയ്ക്കുന്നതുപോലെ വാങ്മയചിത്രങ്ങൾ സൃഷ്ടിച്ചു. കിഷോറിന്റെ കഥകൾ വാങ്മയചിത്രങ്ങളാൽ കാലഘട്ടത്തിന്റെ കപട സദാചാരസംഹിതകളെ അനാവൃതമാക്കുന്നവയാണ്. തമിഴ് കലർന്ന മലയാളം പറയുന്ന അഗ്രഹാര സംസ്കാരത്തിലെ മനുഷ്യരുടെ ജീവിതായോധനത്തെ ഭാവനയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നവയായിരുന്നു കിഷോറിന്റെ കഥകൾ. യാഥാർത്ഥ്യവും സ്വപ്നവും ഇടകലരുന്ന ആഖ്യാനശൈലി സ്വപ്നത്തിന്റെ ഭാഷയിലാണ്. കിഷോറിന്റെ എഴുത്തുജീവിതത്തിൽ മുപ്പതിന് താഴെ കഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 977-ൽ മാതൃഭൂമി കഥാമത്സരത്തിൽ 'അഗ്നിമീളേ പുരോഹിതം' എന്ന കഥയ്ക്ക് കിഷോറിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
അഗ്നിമീളേ പുരോഹിതം (1977), ദേവതാളം (1978), ഇഹ ജന്മനി പൂർവ ജന്മനി ജന്മജന്മാന്തരേഷു, മഴവില്ലിലില്ലാത്ത നിറങ്ങൾ, ഗാന്ധിയുടെ ഒസ്യത്ത്, സ്നേഹനാഥന്റെ മരണം ഒരു ഭാവരേഖ, ചുവന്ന തിളക്കങ്ങൾ, കറുത്ത ഡിസംബർ, മഞ്ഞനദിയുടെ രാജാവ്, നിഴൽക്കുത്ത്, അന്യാപദേശം, നാടുഗദ്ദിക, ജീവിതരാഗം, അമ്മയില്ലാത്ത കുട്ടികൾ (1982), രക്ഷാമാർഗ്ഗം, ശ്രീരഞ്ജിനി, ഇക്കണോ കം സോഷ്യോസ്റ്റാറ്റസ് തുടങ്ങിയവയാണ്. സ്മരണ, അഭിനവകഥകൾ, ടി.പി കിഷോറിന്റെ കഥകൾ എന്നിവ അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളാണ്. 1986 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ട് കിഷോർ ചലച്ചിത്ര രചനാ രംഗത്തും തന്റെ തൂലിക ചലിപ്പിച്ചു.
1998 ഒക്റ്റോബറിൽ ടി പി. കിഷോർ സ്വയം തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.


