ടി കെ ജോൺ
പ്രമുഖ നാടക നടനും സംവിധായകനും വൈക്കം മാളവികയുടെ സ്ഥാപകനുമായിരുന്നു ശ്രീ ടി.കെ.ജോൺ. സ്വാഭാവികമായ സംഭാഷണവും ശരീരചലനവും കൊണ്ട് നാടകവേദിയിൽ ഒരു പൊളിച്ചെഴുത്തിനു നേതൃത്വം നൽകിയ വ്യക്തിയാണ് ജോൺ.
വൈക്കം തുരുത്തിക്കര വീട്ടിൽ കുര്യന്റെയും കുട്ടിയമ്മയുടെയും മകനായി 1938ലാണ് ജോണിന്റെ ജനനം. ഇരുപതാം വയസിൽ വൈക്കം തിയറ്റേഴ്‌സിന്റെ ‘തകർന്ന ഹൃദയം‘ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. നാടകവേദികളിൽ ഘനഗംഭീരമായ ശബ്‌ദവും അഭിനയത്തികവും കൊണ്ട് അരനൂറ്റാണ്ട് കാലം നിറഞ്ഞു നിന്ന അദ്ദേഹം തിലകൻ, വൈക്കം സുകുമാരൻ നായർ, കെ.പി.എ.സി പ്രേമചന്ദ്രൻ എന്നിവരടങ്ങുന്ന നാടക തലമുറയിലെ ഏറ്റവും ശ്രദ്ധേയനായിരുന്നു. വിജയകുമാരിയും മേരിതോമസും കവിയൂർ പൊന്നമ്മയുമൊക്കെ ജോണിന്റെ നായികമാരായി അഭിനയിച്ചിട്ടുണ്ട്.
കന്മദം, അരയന്നങ്ങളുടെ വീട്, വജ്രം, മണിയറക്കള്ളൻ തുടങ്ങിയ സിനിമകളിലും ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. രണ്ടുതവണ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, 2009ലെ നാടക ഫെലോഷിപ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
2017 ജൂൺ 11 നു അദ്ദേഹം നിര്യാതനായി.
വൈക്കം ചേന്നോത്ത് കുടുംബാംഗം ആലീസ് ആണ് ഭാര്യ.