ശ്രദ്ധ ശ്രീനാഥ്
തെന്നിന്ത്യൻ ചലച്ചിത്ര നടി. ജമ്മു കാശ്മീരിലെ ഉദ്ദംപൂരിൽ ജനിച്ചു. ശ്രദ്ധയുടെ മാതാപിതാക്കൾ കർണ്ണാടക സ്വദേശികളായിരുന്നു. അച്ഛൻ സൈനിക ഓഫീസറും അമ്മ സ്കൂൾ അദ്ധ്യാപികയുമായിരുന്നു. മാതാപിതാക്കളുടെ ജോലി സംബന്ധമായ സ്ഥലം മാറ്റത്തിനനുസരിച്ച് രാജ്യത്തിന്റെ പലഭാഗത്തായിട്ടാണ് ശ്രദ്ധ പഠിച്ചതും വളർന്നതും. സെക്കന്തരാബാദിലെ ആർമി സ്ക്കൂളിൽ നിന്നും +2 കഴിഞ്ഞതിനുശേഷം ശ്രദ്ധ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമബിരുദം നേടി. പഠനത്തിനുശേഷം കോർപ്പറേറ്റ് കമ്പനികളുടെ അഭിഭാഷകയായി ജോലിചെയ്യാൻ തുടങ്ങി. ആ സമയത്ത് ശ്രദ്ധ ചെറിയ തോതിൽ മോഡലിംഗ് ചെയ്ത് തുടങ്ങിയിരുന്നു.
2015 -ൽ കോഹിനൂർ എന്ന മലയാളചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ശ്രദ്ധ ശ്രീനാഥ് ചലച്ചിത്ര രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം 2016 -ൽ യൂ ടേൺ എന്ന കന്നഡ ചിത്രത്തിൽ നായികയായി. യൂടേണിലെ ശ്രദ്ധയുടെ അഭിനയം നിരുപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള കന്നഡ ഫിലിം ഫെയർ പുരസ്ക്കാരം ശ്രദ്ധയ്ക്ക് ലഭിച്ചു. തുടർന്ന് കന്നദ്, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. ഹിന്ദി, ബംഗാളി ഭാഷകളിൽ ഓരോ സിനിമകളിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ആറാട്ട് -ലാണ് ശ്രദ്ധ അവസാനം മലയാളത്തിൽ അഭിനയിച്ചത്.