സൗമ്യ ദിലീപ്

Soumya Dileep

വല്ലിത്തൊടിയിൽ ശ്രീധരന്റേയും തെക്കേടത്ത് സൂര്യഭായ് ടീച്ചറുടേയും മകളായി പാലക്കാട് ജില്ലയിലെ പെരിങ്ങോട് ജനിച്ചു. പെരിങ്ങോട് ഹൈസ്കൂളിൽ നിന്നും പത്താംക്ലാസും ഷൊർണ്ണൂർ സെന്റ് തെരേസാസ് സ്കൂളിൽ നിന്നും പ്ലസ്‌ടുവും പാസ്സായ സൗമ്യ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നിന്നും കെമിസ്റ്റ്രിയിൽ ബിരുദവും നേടി. അതിനുശേഷം ബാംഗ്ലൂരിൽ നിന്നും എംബിഎ പൂർത്തിയാക്കി. ചെറിയകുട്ടിയായിരിക്കുമ്പോൾ തന്നെ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ സൗമ്യ ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്തയിനങ്ങൾ പഠിച്ചിട്ടുണ്ട്. 

നാട്ടിലെ ക്ഷേത്രങ്ങളിലേയും മറ്റും വേദികളിൽ നൃത്തം അവതരിപ്പിക്കാറുള്ള സൗമ്യയുടെ പ്രോഗ്രാമുകളും റീൽസും കാണാനിടയായ സിനിമാനിർമ്മാതാവ് ആന്റോ ജോസഫാണ് സൗമ്യയെ സിനിമയിലേയ്ക്ക് ക്ഷണിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും ആ സിനിമ നടന്നില്ല.  അതിനിടെ സി ബി ഐ 5 വിന്റെ ലൊക്കേഷനിൽ ചെന്ന സൗമ്യയെ ആന്റോ ജോസഫ് തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്ക് പരിചയപ്പെടുത്തികൊടുത്തു. എസ് എൻ സ്വാമി വഴിയാണ് സൗമ്യ സിനിമയിലേക്കെത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രത്തിൽ നായികയായി സൗമ്യ ചലച്ചിത്രാഭിനയരംഗത്ത് തുടക്കം കുറിച്ചു. നൃത്തത്തിനും അഭിനയത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന സൗമ്യ ദിലീപ് കോളേജ് പഠനകാലത്ത് മിസ് എൽ എഫ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സൗമ്യയുടെ ഭർത്താവ് ദിലീപ് വിശ്വനാഥൻ ഓസ്റ്റ്രേലിയയിൽ ജോലി ചെയ്യുന്നു.