സ്മിത പാട്ടീൽ
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജി റാവു പാട്ടീലിന്‍റെയും സാമൂഹ്യ പ്രവര്‍ത്തകയായ വിദ്യാ തായ് പാട്ടീലിന്റെയും മകളായാണ് ജനിച്ചത്. സ്‌കൂള്‍ പഠനം കാലത്തുതന്നെ മനോജ് കുമാറിന്റെ റോട്ടി കപ്പടാ മക്കാൻ, ദേവാനന്ദിന്റെ ഹരേ രാമ ഹരേ കൃഷ്ണ എന്നീ സിനിമകളിലേയ്ക്ക് സ്മിതയ്ക്കു നായികയാകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ പഠനത്തിനു പ്രാമുഖ്യം കൊടുത്ത സ്മിതയുടെ കുടുംബം ക്ഷണം നിരസിക്കുകയായിരുന്നു.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന സ്മിത ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായാണ് കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമാഭിനയം കുട്ടികളുടെ സിനിമയിലൂടെ ആയിരുന്നു. സ്മിത അഭിനയിച്ച ഈ ചിത്രം കണ്ട ശ്യാം ബെനഗൽ അവരെ ചരൺ ദാസ് ചോർ എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചു. പിന്നീട് മേരേ സാത് ചൽ, നിശാന്ത് എന്നീ ചിത്രത്തിലും അഭിനയിച്ചു. നിശാന്ത് സിനിമയിലായിരുന്നു സ്മിത ഷബാന ആസ്മിയുടെ കൂടെ ആദ്യമായി അഭിനയിച്ചത്. 1977 -ൽ മറാത്തി അഭിനേത്രി ഹൻസ വാഡ്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഭൂമിക’ എന്ന ചിത്രത്തിൽ ബെനഗൽ വീണ്ടും സ്മിതയെ അഭിനയിപ്പിച്ചു. ഈ കഥാപാത്രത്തിന്റെ അഭിനയ തികവ് ഏവരെയും അത്ഭുതപ്പെടുത്തി. സ്മിത പാട്ടീൽ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡിന് അർഹയായി.
സമാന്തര സിനിമകളില്‍ മാത്രമായി തന്റെ അഭിനയം പരിമിതിപ്പെടുത്തിയ സ്മിത പാട്ടീൽ കലാപരമായ മൂല്യങ്ങള്‍ക്ക് താന്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളില്‍ എപ്പോഴും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ഗോവിന്ദ് നിഹലാനി, ശ്യാം ബെനെഗല്‍, മൃണാള്‍ സെന്‍, സത്യജിത്ത് റായ്, രമേഷ് സിപ്പി തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സിനിമകളിലൂടെ സ്മിത തന്റെ അഭിനയ മികവ് തെളിയിച്ചുകൊണ്ടിരുന്നു. പ്രശസ്ത സംവിധായകൻ ജി അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരം എന്ന സിനിമയിൽ നായികയായിക്കൊണ്ട് മലയാള സിനിമയിലും സ്മിത പാട്ടീൽ തന്റെ സാന്നിധ്യം അറിയിച്ചു.
അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സ്മിത പ്രവര്‍ത്തിച്ചിരുന്ന അവർ അഭിനേതാവും രാഷ്ട്രീയ നേതാവുമായ രാജ് ബബ്ബാറിനെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. ഇപ്പോൾ നടനും സംവിധായകനുമായ പ്രതിക് ബബ്ബാറിനെ പ്രസവിച്ചയുടനെ 1986 ഡിസംബറിൽ അവർ മരണപ്പെടുകയായിരുന്നു.