ഷാജി ടി യു

Shaji T U

ഷാജി ടി യു തൃശൂർ ജില്ലയിൽ മാളയ്ക്കടുത്ത് അഷ്ടമിച്ചിറ സ്വദേശി ആണ്. ഒരു ചലച്ചിത്രാസ്വാദകൻ എന്നതിനേക്കാൾ സിനിമയെ വായിക്കാനും ആസ്വദിക്കാനു എപ്പോഴും ശ്രമിക്കുന്ന വ്യക്തിയായ ഷാജി  പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷനും രാമോജി അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷനിൽ നടന്ന വിഖ്യാത സ്റ്റോറി കൺസൾട്ടന്റ് റോബർട്ട് മക്കീയുടെ സ്റ്റോറി വർക്ക്ഷോപ്പും പൂർത്തിയാക്കിയിട്ടുണ്ട് . ഇന്റർനാഷണൽ ഡോകുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള-2010ൽ പ്രത്യേക ജൂറി പുരസ്കാരം നേടുകയും അനേകം വിദേശഫെസ്റ്റിവലുകളിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്ത ധനീഷ് ജയിംസൺ സംവിധാനം ചെയ്ത് മോഹൻ ലാൽ ശബ്ദം നൽകിയ  "വിൽസൺ പെരേര" എന്ന ആനിമേഷൻ ചിത്രത്തിനു തിരക്കഥയും മലയാളം സംഭാഷണങ്ങളും എഴുതിക്കൊണ്ടാണ് ഷാജി ഈ രംഗത്ത് തുടങ്ങുന്നത്. ഒ ഹെന്റിയുടെ കഥയെ അവലംബിച്ച് ഫിലിം നുആർ വിഭാഗത്തിലുള്ള ഒരു മലയാളം ഹ്രസ്വചിത്രം "ഏഴാണ്ട് ദൂരം" എന്നപേരിൽ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ ചില മുഴുനീള മലയാള ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2010-ൽ മാതൃഭൂമി യുവപ്രതിഭകൾക്കായി നടത്തിയ തിരക്കഥ ശില്പശാലയിൽ മികവ് പുലർത്തിയവരിൽ ഒരാളായി ഷാജിയെ തിരഞ്ഞെടുത്തിരുന്നു. 

ചിത്രനിരീക്ഷണം എന്ന പേരിൽ സിനിമാസംബന്ധിയായ ഒരു ബ്ലോഗ് കൈകാര്യം ചെയ്യുന്നതിനൊപ്പം ഷാജി ആനുകാലില പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും എഴുതുകയും ചെയ്യുന്നുണ്ട്. ഐ ടി മേഖലയിൽ ഗ്രാഫിക് ഡിസൈനർ, യൂസർ ഇന്റെർഫേസ് ഡിസൈനർ എന്നീ മേഖലകളിൽ വിവിധ കമ്പനികളിൽ ജോലിചെയ്തിട്ടുള്ള ഷാജി തൃശൂർ ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെർഫോമിങ്ങ് ആർട്ട്സിൽ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകനായും ജോലിചെയ്തുവരുന്നു. വായന, ഭക്ഷണം, യാത്ര എന്നിവയാണ് സിനിമ കഴിഞ്ഞാൽ ഷാജിയുടെ പ്രിയങ്ങൾ.