എസ് വിപിൻ
ബി.ശശിധരന്റേയും ആനന്ദവല്ലി അമ്മയുടേയും മകനായി തിരുവനന്തപുരം ജില്ലയിലെ തോന്നക്കലിൽ ജനിച്ചു. ഗവണ്മെൻ്റ് കോളേജ് ആറ്റിങ്ങലിൽ നിന്നും പോളിമർ കെമിസ്ട്രിയിലും, ലോ കോളേജ് തിരുവനന്തപുരത്തുനിന്നും നിയമത്തിലും ബിരുദം നേടി. അതിനുശേഷം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.
അഭിഭാഷകനായി പ്രവർത്തിച്ചു വരവേ 2020 -ൽ കോവിഡ് ലോക്ക്ഡൗൺ കാലത്ത് തൻ്റെ നാട്ടിലെ കലാകാരന്മാരെയും സങ്കേതിക പ്രവർത്തകരെയും ഉൾപെടുത്തി അഞ്ചിൻ്റന്ന് സഞ്ചയനം എന്ന ഷോർട്ട് ഫിലിമിൻ്റെ രചനയും സംവിധാനവും നിർവഹിച്ച് കൊണ്ടാണ് വിപിൻ സംവിധാന മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയിൽ ഡബ്ബിംഗ് സൂപ്പർ വൈസറായി സിനിമാരംഗത്ത് അരങ്ങേറി. അതിനുശേഷം വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്തു. ഈ സിനിമയിൽ പപ്പൂട്ടി എന്ന കഥാപാത്രത്തെ വിപിൻ അവതരിപ്പിച്ചിട്ടുമുണ്ട്.
വിപിന്റെ ഭാര്യ അശ്വതി ശിവൻ. മകൾ നക്ഷത്ര.


