റിയ സെൻ

Ria Sen

പ്രസിദ്ധ നടിയായ മുൻ മുൻ സെന്നിന്റെയും ഭരത് വർമ്മയുടേയും മകളായി ജനിച്ചു. 1991 -ൽ വിഷ്‌കന്യ  എന്ന ഹിന്ദി ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് റിയ സെൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. അതിനുശേഷം ഗജ‌മുക്ത എന്ന ബംഗാളി ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 1999 -ൽ ടാജ്‌മഹൽ എന്ന തമിഴ് ചിത്രത്തിൽ നായികയായി. 2001 -ൽ സ്റ്റൈൽ എന്ന ഹിന്ദി ചിത്രത്തിൽ നായികയായതാണ് റിയയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പ്രശസ്ത സംഗീതഞ്ജനായ ആർ ഡി ബർമന്റെ ഓർമ്മക്കായി നിർമ്മിച്ച ചിത്രമായ ഝംകാർ ബീറ്റ്സ് റിയയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരുന്നു.

ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിയ സെൻ അഭിനയിച്ചിട്ടുണ്ട്. ഒരു ബംഗാളി ചിത്രത്തിന്റെ പുനർനിർമ്മാണമായ It was a raining dark night എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം ആണ് റിയ സെൻ നായികയായ മലയാള ചലച്ചിത്രം. അഭിനയത്തിന് പുറമേ മോഡലിംഗിലും റിയ സെൻ സജ്ജീവമായിരുന്നു.  പ്രശസ്ത ഗായികയായ ഫാൽഗുനിയുടെ ഒരു സംഗീത ആൽബത്തിലും റിയ അഭിനയിച്ചിരുന്നു.  ഇതിനു ശേഷം ധാരാളം സംഗീത ആൽബങ്ങളിൽ അവസരം ലഭിച്ചു. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും റിയ സെൻ അഭിനയിച്ചിട്ടുണ്ട്. റിയയുടെ മുത്തശ്ശിയായ സുചിത്ര സെൻ, സഹോദരിയായ റൈമ സെൻ എന്നിവരും അഭിനേത്രികളാണ്.