റേ ഡോൾബി
അമേരിക്കയിലെ പോർട്ട് ലാൻഡ്ണ് റേ ഡോൾബിയുടെ ജന്മദേശം. സിനിമയിലെ ആധുനിക ശബ്ദ സംവിധാനമായ Dolby സൗണ്ട് സിസ്റ്റം വികസിപ്പിച്ചെടുത്തത് റേ ഡോൾബിയാണ്. ഹോളീവുഡ് സിനിമകൾ മുതൽ മലയാള സിനിമകളിൽ വരെ ഉപയോഗിക്കുന്ന ഈ ശബ്ദ
സാങ്കേതിക വിദ്യയിലൂടെ ലോകം സ്മരിക്കുന്ന ഒരു പേരാണ് അമേരിക്കൻ സൗണ്ട് എഞ്ചിനീയറായ റേ ടോൾബി.
ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ് റേ ഡോൾബി.1933 ജനുവരി 18 -ന്അമേരിക്കയിലെ പോർട്ട് ലാൻഡിൽ ജനിച്ച റേ ഡോൾബി സാൻഫ്രാൻസിസ്‌കോയിലാണ് വളർന്നത്. ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ റേ 1965 -ൽ ലണ്ടനിൽ ഡോൾബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വെച്ചാണ് ഡോൾബി സൗണ്ട് ടെക്‌നോളജി വികസിപ്പിച്ചത്. ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവും പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനുമാണ് റേ ഡോൾബി. ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്. നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്.1976 -ൽ റേ തന്റെ കമ്പനിയെ ലണ്ടനിൽ നിന്നും സാൻഫ്രാസിസ്‌കോയിലേക്ക് പറിച്ചുനട്ടു. ഓഡിയോ എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം.
വീടുകൾ മുതൽ തിയേറ്ററുകൾ വരെ ഡോൾബിയുടെ സബ്ദസാങ്കേതിക വിദ്യ പുതിയ ശ്രവ്യാനുഭൂതി നൽകി.ശബ്ദത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് അദ്ദേഹം പഠിച്ചു. സംഗീതത്തിനും ശബ്ദത്തിനും മറ്റൊരു മുഖം ഡോൾബി കൊണ്ടുവന്നു. ശബ്ദം റെക്കോർഡ് ചെയ്യുമ്പോൾ കയറിവരുന്ന അനാവശ്യ ബഹളങ്ങളെ ഡോൾബി വികസിപ്പിച്ചെടുത്ത സംവിധാനത്താൽ ഒഴിവാക്കാനായി.ഡോൾബി സ്റ്റീരിയോ, ഡോൾബി ഡിജിറ്റൽ, ഡോൾബി സറൗണ്ട് ഇഎക്‌സ്, ഹോം തിയേറ്റർ രംഗത്ത് പ്രചരിപ്പിച്ചിട്ടുള്ള ഡോൾബി സറൗണ്ട് എന്നിവ റേ ഡോൾബി വികസിപ്പിച്ചെടുത്തവയാണ്. ഇന്ന് തിയേറ്ററുകളിലും വീടുകളിലും ഡോൾബി സൗണ്ട് സിസ്റ്റം ഒഴിച്ചുകൂടാനാവാത്തതായി മാറി.1980 -കളിൽ ഡിജിറ്റൽ ഡോൾബി സംവിധാനം വീടുകളിലേക്കുമെത്തി ഡോൾബിയുടെ പ്രാചാരം ഒന്നുകൂടി വർധിപ്പിച്ചു.
1986 -ൽ ഡോൾബി സ്‌പെക്ട്രൽ റെക്കോഡിങ് (ഡോൾബി എസ്ആർ) രീതി പ്രാബല്യത്തിൽ വന്നു. ഡോൾബി സ്റ്റീരിയൊയെ അപേക്ഷിച്ച് കൂടിയ ശബ്ദ ആവൃത്തി പരിധിയും കുറഞ്ഞ ശബ്ദ വിരൂപണവും ഉള്ള ഡോൾബി എസ് ആറിൽ തീവ്രതയേറിയ ശബ്ദ തരംഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ ആലേഖനം ചെയ്യാനും സൗകര്യമുണ്ട്. ഡോൾബി സ്റ്റീരിയൊയും ഡോൾബി എസ്ആറും അനലോഗ് രീതിയിലാണ് ശബ്ദാലേഖനം പ്രാവർത്തികമാക്കുന്നത്.
ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് സംഗീതരംഗത്തെ പ്രമുഖ പുരസ്‌കാരങ്ങളായ ഗ്രാമി 1995 -ലും എമ്മിസ് 1989 -ലും 2005 -ലും ലഭിച്ചു
ദീർഘകാലമായി അൾഷൈമേഴ്‌സ് രോഗബാധിതനായിരുന്ന അദ്ദേഹത്തിന് അർബുദവും ബാധിച്ചിരുന്നു. 2013 സെപ്റ്റംബർ 12 -ന് സാൻഫ്രാൻസിസ്കോയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.