പ്രസീത ചാലക്കുടി
കർഷക തൊഴിലാളികളായ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനിച്ചു. ഫോക്ലോറിൽ എം ഫിലും നെറ്റും നേടിയിട്ടുള്ള പ്രസീത ഇപ്പോൾ പുലയൻ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ പി എച്ച് ഡി ചെയ്യുകയാണ്. ചെറുപ്പം മുതലേ നാടൻ പാട്ടിനോട് കമ്പമുണ്ടായിരുന്ന പ്രസീതയെ അച്ഛൻ ഉണ്ണീച്ചെക്കനും അമ്മാമൻ ചാത്തുണ്ണിയുമായിരുന്നു നാടൻ പാട്ടുകൾ പഠിപ്പിച്ചത്.
തൃശ്ശൂർ കേരളവർമ്മ കോളേജിൽ ബി എസ് സി ക്ക് പഠിച്ചിരുന്ന സമയത്താണ് പ്രസീതയുടെ കലാജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ജനനയന എന്ന കലാസംഘത്തിൽ ചേരുന്നതും അവരുടെ ട്രൂപ്പിൽ ഗായികയാകുന്നതും ആ കോളേജ് പഠനകാലത്തായിരുന്നു ജനനയനയിൽ അംഗമായിരിക്കുമ്പോളാണ് എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രചിച്ച. "നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണേ.... എന്ന നാടൻ പാട്ട് പാടിക്കൊണ്ട് പ്രസീത ജനഹൃദയങ്ങളിലേയ്ക്ക് കയറിക്കൂടുന്നത്. അതിനുശേഷം കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ "ഇനി വരുന്നൊരു തലമുറയ്ക്ക്... എന്ന ഗാനവും പ്രസീതയുടെ ശബ്ദത്തിലൂടെ പ്രശസ്തമായി. തുടർന്ന് നിരവധി നാടൻപാട്ടുകൾ കേരളത്തിനകത്തും പുറത്തുമായി വിവിധ വേദികളിൽ പ്രസീത അവതരിപ്പിച്ചു.
അജഗജാന്തരം എന്നാ സിനിമയിലെ "ഓളുള്ളേര് ഓളുള്ളേര് മാനി നങ്കേരേ... എന്ന ഗാനമാലപിച്ചുകൊണ്ട് പ്രസീത ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്കും പ്രവേശിച്ചു. പതിനഞ്ച് വർഷത്തിലധികമായി നാടൻ പാട്ട് രംഗത്ത് പ്രവർത്തിക്കുന്ന ഈ കലാകാരിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരമുൾപ്പെടെ നിർവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നടനും ഗായകനുമായ മനോജ് പെരുമ്പിലാവാണ് പ്രസീതയുടെ ഭർത്താവ്. മകൻ കാളിദാസ്.