പൊൻ‌കുന്നം ദാമോദരൻ

Ponkunnam Damodaran
Date of Birth: 
Thursday, 25 November, 1915
Date of Death: 
Thursday, 24 November, 1994
എഴുതിയ ഗാനങ്ങൾ: 2

1915 നവംബർ 25 ആം തിയതി കോട്ടയം ജില്ലയിലെ പൊൻകുന്നത്താണ് ദാമോദരൻ 
ജനിച്ചത്.

സംസ്കൃതം മലയാളം എന്നിവയിലെ വിദ്വാൻ പരീക്ഷയും ആയുർവേദത്തിൽ ശാസ്ത്രി പരീക്ഷയും വിജയിച്ച അദ്ദേഹം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലിക്ക് കയറി.

കൃതികളിലൂടെ സമകാലിക സാമൂഹിക സമസ്യകൾ ശക്തമായി ആവിഷ്കരിച്ച ഇദ്ദേഹം മലയാള കവിതയിൽ കാല്പനികത നിറഞ്ഞുനിന്ന കാലത്താണ് തന്റെ കവിതാ രചന ആരംഭിക്കുന്നത്.

കാല്പനികതയും ജീവിതവും ഒരുമിപ്പിച്ച് കവിതകളും ഗാനങ്ങളും എഴുതിയിരുന്ന ഇദ്ദേഹം നാടകകൃത്ത് എന്ന നിലയിലും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

പൗരോഹിത്യത്തിനും യാഥാസ്ഥിതികതക്കും എതിരെ പോരാടി പുതിയ സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ കഥകളാണ് ഇദ്ദേഹം തന്റെ നാടകങ്ങളിലൂടെ അവതരിപ്പിച്ചിരുന്നത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പുരോഗമന സാഹിത്യപ്രസ്ഥാനത്തിലും സജീവമായിരുന്ന ഇദ്ദേഹം കാലാതി വർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു. 

ഇദ്ദേഹം ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിനു വേണ്ടി രചിച്ച 'പച്ചപ്പനം തത്തേ' എന്ന ഗാനം 2006 ൽ ശശി പറവൂർ സംവിധാനം ചെയ്ത 'നോട്ടം' എന്ന ചിത്രത്തിൽ എം ജയചന്ദ്രന്റെ സംഗീതത്തിൽ ഉൾപ്പെടുത്തിയിരുന്നു. നാടകത്തിൽ ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരുന്നത് എം.എസ്‌. ബാബുരാജും ശിവദാസനും ചേർന്ന് ആയിരുന്നു.

ഈ ഗാനത്തിന് 2005 ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മരണാനന്തര ബഹുമതിയായി ലഭിച്ച ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ മകനും പ്രശസ്‌ത ഗാനരചയിതാവുമായ എം ഡി രാജേന്ദ്രനായിരുന്നു ഏറ്റുവാങ്ങിയത്.

കവിത, നോവൽ, നാടകം, സാഹിത്യ നിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 
1994 നവംബർ  24 ആം തിയതി തന്റെ 79 ആം വയസ്സിൽ അന്തരിച്ചു. 

എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എം.ഡി രത്നമ്മ എന്നിവരാണ് മക്കൾ.