പന്തളം കേരളവ൪മ്മ

Panthalam Kerala Varma
Date of Birth: 
Thursday, 23 January, 1879
എഴുതിയ ഗാനങ്ങൾ: 1

പുത്തൻകോയിക്കൽ അശ്വതിനാൾ തന്വംഗി തമ്പുരാട്ടിയുടേയും കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്ണുനമ്പൂതിരിയുടേയും മകനായി പന്തളം രാജകുടുംബത്തിൽ കൊല്ലവർഷം 1054 മകരം 10 -ന് (1879 ജനവരി23) ജനിച്ചു. പാരമ്പര്യ രീതിയിലുള്ള സംസ്കൃത വിദ്യാഭ്യാസം നേടി. ബാല്യത്തിൽത്തന്നെ കവിതാരചന തുടങ്ങി. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയിൽ കേരള വർമ്മ അറിയപ്പെട്ടുകഴിഞ്ഞിരുന്നു.  

1904 നവംബർ 16 -ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതിൽ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാർത്ത, ഗ്രന്ഥ നിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. അതിന്റെ മുഖപ്രസംഗത്തിൽ അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സമകാലിക സംഭവങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. 1914 -ൽ തിരുവനന്തപുരം എസ്.എം.വി. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ദ്രുതകവിതാ രചനയിൽ സമർഥനായിരുന്ന കേരളവർമ കവനകൗമുദിയിൽ കൂട്ടുകവിതകൾക്ക് പ്രത്യേക പ്രാധാന്യം നൽകി. ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു. കൊച്ചി മഹാരാജാവ് കേരളവർമ്മയ്ക്ക് 'കവിതിലകൻ' ബിരുദം നൽകി ആദരിച്ചിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ വിദ്വൽ സദസ്സിൽ അദ്ദേഹം അംഗമായിരുന്നു. 1963 -ൽ കേരളവർമ്മയുടെ കവിത "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം.. കെ രാഘവൻ സംഗീതം നൽകി അമ്മയെ കാണാൻ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

കേരളവർമ്മയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ. 1094 ഇടവം 28ന് (1919 ജൂൺ11) നാല്പതാം വയസ്സിൽ പന്തളം കേരളവർമ്മ അന്തരിച്ചു.