പി കെ റോസി

P K Rosy

മലയാളത്തിലെ പ്രഗൽഭരായ ചലച്ചിത്ര ചരിത്രകാരന്മാർക്കു പോലും പിടി തരാതെ ഇന്നും നിഗൂഢതയ്ക്കുള്ളിൽ ഉറങ്ങിക്കിടക്കുന്നു ആദ്യമലയാള സിനിമയായ “വിഗതകുമാരൻ”ലെ നായിക പി കെ റോസി യുടെ കഥ. എങ്കിലും, പി കെ റോസിയുടെ പിന്നാലെ അവരുടെ കഥയും ജീവിതവും തേടി നടന്ന ചില ചരിത്രകുതുകികളുടെ അന്വേഷണഫലമായി എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങൾ ഇവയാണ് – രാജമ്മ എന്ന യഥാർത്ഥപേരുള്ള ഇവരുടെ കുടുംബം ക്രൈസ്തവമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ ഇവർ റോസമ്മ എന്ന് പേരു മാറ്റി. പൗലോസിന്റേയും കുഞ്ഞിയുടേയും മകളായ റോസമ്മയെ പി കെ റോസിയാക്കിയതാവട്ടെ ജെ സി ദാനിയേലും.

വിഗതകുമാരനിലേയ്ക്ക് നായികയെ കണ്ടെത്താനായി നാടെമ്പാടും നടന്ന ജെ സി ദാനിയെൽ ബോംബേയിലെ ലാന എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയെ വളരെ ഉയർന്ന പ്രതിഫലത്തിന് നായികയായി ഉറപ്പിച്ച്,കേരളത്തിലേയ്ക്ക് വന്ന ലാന ഇവിടെ തനിയ്ക്ക് ലഭിച്ച ആഡംബരങ്ങളുടേയും സൗകര്യങ്ങളുടേയും കുറവിനെച്ചൊല്ലി ദാനിയേലിനോട് ഉരസുകയും പിണങ്ങിപ്പോകുകയും ചെയ്തു. തുടർന്ന് വിഗതകുമാരനിലെ മറ്റൊരു നടനായ ജോൺസൺ റോസിയെ ദാനിയലിനു പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. വയലിലെ കൂലിപ്പണിക്കാരിയും, പുല്ലു വിൽപ്പനക്കാരിയും ആയിരുന്നത്രേ റോസമ്മ എന്ന റോസി. പുലയസമുദായത്തിൽ നിന്നും കൃസ്തീയമതത്തിലേയ്ക്ക് മാറിയ ഇവരുടെ അച്ഛൻ പൗലോസ് അന്നത്തെ പള്ളിയിലെ വിദേശമിഷനറി റവ: ഫാ: പാർക്കൻ സായ്വിന്റെ ബട്ലറായിരുന്നു. കാക്കരിശ്ശി നാടകത്തിൽ അന്ന് വരെ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ത്രീ വേഷം അവതരിപ്പിക്കാൻ രംഗത്തെത്തുന്നതോടെയാണ് റോസി കലാരംഗത്ത് എത്തിപ്പെടുന്നത്. അവിടെ നിന്നാണ് ജോൺസൺന്റെ ശുപാർശ പ്രകാരം റോസി അഭിനയിക്കാനായി സ്റ്റുഡിയോയിൽ പാടത്ത് പണിയ്ക്കു പോകുന്നതു പോലെത്തന്നെ പിച്ചള തൂക്കുപാത്രത്തിൽ ചോറുമായി എത്തുന്നത്. വിഗതകുമാരനിൽ അഭിനയിക്കാൻ റോസിയ്ക്ക് അന്ന് കൊടുത്തിരുന്ന പ്രതിഫലം ഒരു ദിവസത്തേയ്ക്ക് അഞ്ച് രൂപ ആയിരുന്നു. അങ്ങനെ ഷൂട്ടിംഗ് കഴിയുമ്പോൾ അവർക്ക് ലഭിച്ചത് അൻപത് രൂപയും ഒരു മുണ്ടും നേരിയതും പിന്നെ ചിത്രീകരണ സമയത്ത് അണിഞ്ഞിരുന്ന വസ്ത്രങ്ങളും. എന്നാൽ 1928-ൽ വിഗതകുമാരൻ റിലീസ് ചെയ്തപ്പോൾ അവർക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.

പി കെ റോസി അവതരിപ്പിച്ച സരോജിനി എന്ന നായികാ കഥപാത്രം തലയിലണിഞ്ഞ പൂവ്, നായകൻ ചന്ദ്രകുമാർ എടുക്കുന്ന രംഗം അന്നത്തെ കാണികളെ വല്ലാതെ പ്രകോപിപ്പിക്കുകയും അവർ ബഹളമുണ്ടാക്കുകയും തിരശ്ശീലയ്ക്കു നേരെ കല്ലെറിയുകയും ചെയ്തു. നായിക സരോജിനിയുടെ സദാചാരമില്ലായ്മയോടുള്ള അരിശം നായികയെ അവതരിപ്പിച്ച നടിക്കു നേരേയും ഉണ്ടായി. റോസിയുടെ ജീവിതം ദുസ്സഹമായിത്തീർന്നു. റോസിയെ ആക്രമിക്കുകയും അവരുടെ വീടിനു നേർക്ക് കല്ലേറു നടത്തുകയും, ഒടുവിൽ അവരുടെ വീടിനു തീ വെയ്ക്കുകയും ചെയ്തു കൊണ്ടാണ് സദാചാരത്തിന്റെ കാവൽമാലാഖമാരായ മലയാളി കലാസ്വാദകർ അവരെ സ്വീകരിച്ചത്. ജീവനും കോണ്ട് രക്ഷപ്പെട്ട റോസിയെ പിന്നീട് സംരക്ഷിച്ചത് ഒരു ലോറിഡ്രൈവറായിരുന്നു എന്നും, നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ അവർ ഭർത്താവുമൊന്നിച്ച് കുറേക്കാലം കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു. അവരെ അന്വേഷിച്ചുകൊണ്ടുള്ള ചരിത്രസഞ്ചാരിയുടെ യാത്ര എത്തിച്ചേർന്നത് നാഗർകോവിലിലെ കേശവപ്പിള്ള – രാജമ്മാൾ ദമ്പതികളുടെ മൂന്നാമത്തെ മകനായ നാഗപ്പൻ പിള്ളയിലാണ്. തന്റെ അമ്മ രാജമ്മാൾ തന്നെയാണോ രാജമ്മ എന്ന റോസി എന്ന് നാഗപ്പൻപിള്ളയ്ക്ക് അറിയില്ലാ എങ്കിലും സാഹചര്യത്തെളിവുകൾ ചൂണ്ടുന്നത് ആ നിഗമനത്തിലേയ്ക്കാണ്.

പി കെ റോസിയേപ്പറ്റി ചരിത്രവും ഭാവനയും ഇടകലർത്തി ഒരു പുസ്തകവും മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്."ദ വീക്ക്" വാരികയുടെ ലേഖകനായ ശ്രീ.വിനു ഏബ്രഹാം രചിച്ച "നഷ്ട നായിക" എന്ന പുസ്തകമാണത്.

വിവരങ്ങൾക്ക് കടപ്പാട് :
1.മധു ഇറവങ്കരയുടെ "മലയാളസിനിമയിലെ അവിസ്മരണീയർ" എന്ന പുസ്തകം
2.വിനു ഏബ്രഹാമിന്റെ "നഷ്ടനായിക" എന്ന പുസ്തകം.