ഒ ചന്തു മേനോന്‍

O Chandu Menon
Date of Birth: 
Saturday, 9 January, 1847
കഥ: 2

1847 ജനുവരി 9-ന് (1022 ധനു 22 അത്തം) പ്രമാണിത്വമുള്ള കുടുംബത്തിലാണ് ചന്തുമേനോൻ ജനിച്ചത്. അച്ഛൻ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂർ ദേശത്ത്, എടപ്പാടി ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസിൽദാരും ആയി ജോലിനോക്കി‍. അമ്മ കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാർവ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന് ആണ്മക്കളും ഉള്ളതിൽ ഇളയതായിരുന്നു ചന്തുമേനോൻ. ചന്തുനായർ കുറുമ്പ്രനാട് താലൂക്കിൽ നടുവണ്ണൂരിൽ താമസിച്ച് അവിടത്തെ തഹസിൽദ്ദാരായി ജോലിനോക്കുന്ന കാലത്താണ് ചന്തുമേനോൻ ജനിക്കുന്നത്‍. അവിടെനിന്ന് കോവിൽക്കണ്ടിയിലേക്ക് (ഇന്നത്തെ കൊയിലാണ്ടി) ചന്തുനായർക്ക് സ്ഥലം‌മാറ്റം കിട്ടി. അവിടെ കോതമംഗലം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു ചന്തുമേനോന്റെ ബാല്യം. വിദ്യാരംഭം കഴിഞ്ഞ് അദ്ദേഹം കോരൻ കുരിക്കൾ എന്ന നാട്ടെഴുത്തച്ഛന്റെ കീഴിൽ പഴയ സമ്പ്രദായത്തിൽ പഠിച്ചുവരവെ കോട്ടയം താലൂക്കിലേക്ക് ചന്തുനാ‍യർക്ക് മാറേണ്ടിവന്നു. അങ്ങനെ തലശ്ശേരിയിൽ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടിൽ താ‍മസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോൻ എന്ന് പേര് സിദ്ധിക്കുന്നത്. കുഞ്ഞമ്പുനമ്പ്യാ‍ർ എന്ന വിദ്വാന്റെ കീഴിൽ കാവ്യാലങ്കാദികൾ പഠിച്ച് സംസ്കൃതത്തിൽ സാമാന്യ പാണ്ഡിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കൽ കുഞ്ഞിശങ്കരൻ നമ്പിയാരുമായി ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. ചന്തുനായർക്ക് വീണ്ടും കോവിൽക്കണ്ടിക്ക് സ്ഥലം മാറ്റം ഉണ്ടായപ്പോൾ അവിടത്തെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തുപഠിപ്പിച്ചു. അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഹിന്ദി ആവശ്യമായിരുന്നതിനാൽ അതു പഠിപ്പിക്കാനും ഏർപ്പാടുചെയ്തു.

1857-ൽ പ്രമേഹരോഗത്താൽ ചന്തുനായർ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വർഷം മേടത്തിൽ തന്റെ 19-ആം വയസ്സിൽ വസൂരി ബാധിച്ച് മരണമടഞ്ഞു‍. അദ്ദേഹം സരസകവിയും ദ്വിഭാഷാപണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസൽ മിഷൻ നടത്തിയിരുന്ന തലശ്ശേരി പാർസി സ്കൂളിൽ ചന്തുമേനോൻ പഠിത്തം തുടർന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയിൽ പഠിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. അൺകവനന്റ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഇംഗ്ലീഷിൽ ഉന്നതനിലയിൽ ജയിച്ച ചന്തുമേനോൻ മെട്രിക്കുലേഷനു ചേർന്നു‍. തലശ്ശേരി സ്മാൾക്കാസ് കോടതിയിൽ ജഡ്ജി മി. ജെ.ആർ. ഷാർപ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864 -ൽ അങ്ങനെ ആദ്യമായി അദ്ദേഹം സർക്കാരുദ്യോഗത്തിലെത്തി. പതിനേഴാമത്തെ വയസ്സിൽ കോടതി ഗുമസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങി. സ്വന്തം യോഗ്യതകൊണ്ട് ചന്തുമേനോൻ ജോലിയിൽ ഉയർന്നു. ബുദ്ധിശക്തി, കൃത്യനിഷ്ഠ, സത്യസന്ധത ഇവ അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. തലശ്ശേരിയിൽ അന്ന് സബ്കലക്ടറായിരുന്ന മിസ്റ്റർ ലോഗൻ ഷാർപ്പിൽനിന്ന് മേനോന്റെ ഗുണഗണങ്ങൾ അറിഞ്ഞ് 1867 മാർച്ച് 3-ന് തുക്കിടിക്കച്ചേരിയിൽ മൂന്നാം ഗുമസ്തനായി നിയോഗിച്ചു. പിന്നീട് കൊല്ലംതോറും കയറ്റമായിരുന്നു.

1869 -ൽ ആക്ടിങ് ഒന്നാം ഗുമസ്തനായി‍. മിസ്റ്റർ ലോഗൻ മലബാർ കലക്ടരായി കോഴിക്കോട്ടേക്കു മാറിയപ്പോൾ ഹജൂർക്കച്ചേരിയിൽ പോലീസ് മുൻഷിയായി ചന്തുമേനോനെ നിയമിച്ചു. 1871 -ൽ അവിടെ ഹെഡ് മുൻഷിയായി. അതിനിടയിൽ കോഴിക്കോട് ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിയമിക്കപ്പെട്ട ഷാർപ്പ്, ചന്തുമേനോനെ 1872 നവംബർ 22 -ന് സിവിൽ കോടതി ഹെഡ് ക്ലാർക്കായി നിയോഗിച്ചു. വൈകാതെ ഷാർപ്പ് അദ്ദേഹത്തെ പട്ടാമ്പി ആക്ടിങ് മുൻസിഫ് സ്ഥാനത്തേക്ക് മാറ്റി. പിന്നീട് കുറേക്കാലം മഞ്ചേരി, പാലക്കാട്, കോഴിക്കോട് (1882), ഒറ്റപ്പാലം (1886),പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മുൻസിഫായി ജോലിനോക്കി. പരപ്പനങ്ങാടി മുൻസിഫായിരുന്ന കാലത്താണ് ഇന്ദുലേഖ (1889) എഴുതുന്നത്. 1891 -ൽ വീണ്ടും കോഴിക്കോട് മുൻസിഫായി. ശാരദ എഴുതുന്നത് ആ സന്ദർഭത്തിലാണ്. ഇതിന്റെ ആദ്യ ഭാഗം മാത്രമെ അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. ആത്മസുഹൃത്ത് ഇ.കെ. കൃഷ്ണന്റെ നിർബന്ധത്താലാണ് അതിന്റെ ഒന്നാം പതിപ്പ് ഇറങ്ങുന്നത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ രണ്ടു പ്രാവശ്യം ചലച്ചിത്രമായിട്ടുണ്ട് കലാനിലയം കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 1967 -ൽ കലാനിലയം ശ്രീകല ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ദുലേഖ റിലീസ് ചെയ്തു. പിന്നീട് 2017 -ൽ മുഹമ്മദ്‌കുട്ടിയുടെ സംവിധാനത്തിൽ അൻസിബ ഹസ്സൻ ടൈറ്റിൽ വേഷം ചെയ്ത് ഇന്ദുലേഖ വീണ്ടൂം റിലീസ് ചെയ്തിരുന്നു 1892 -ൽ ചന്തു മേനോൻ തിരുനെൽ‌വേലിയിൽ ആക്ടിങ് അഡിഷണൽ സബ് ജഡ്ജിയായി. 1893 -ൽ മംഗലാപുരത്തേക്ക് മാറി. ഈ സന്ദർഭത്തിൽ അതിയോഗ്യനും പ്രാപ്തനും സത്യസന്ധനും നിഷ്പക്ഷപാതിയുമായി ഖ്യാതിനേടി. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാ പാടവം സമ്പാദിച്ചിരുന്നു ചന്തുമേനോൻ. പ്രാസംഗികനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. കേരളവർമയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവിൽ ബാസൽ മിഷൻ അച്ചുകൂടത്തിൽ അച്ചടിപ്പിച്ചു.1897 -ൽ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടർന്നു.1898 -ൽ ഗവണ്മെന്റ് റാവു ബഹദൂർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സർവകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോൻ.  1899 സെപ്തംബർ 7-ന് ചന്തു മേനോൻ നിര്യാതനായി.

 കാത്തോളിവീട്ടിൽ ലക്ഷ്മിയമ്മയായിരുന്നു ചന്തു മേനോന്റെ ഭാര്യ. അഞ്ച് പുത്രന്മാരും രണ്ട് പുത്രിമാരുമാണ് ഇവർക്ക്.