ചേർത്തതു് Manikandan സമയം
“അകലെ അകലെ നീലാകാശം“ മിടുമിടുക്കിയിലെ ഈ ഗാനത്തിന് ബാബുരാജ് നൽകിയ ഈണം നമ്മൾ ഇന്ന് കേൾക്കുന്നതായിരുന്നില്ലത്രെ! അദ്ദേഹം നൽകിയ ഈണം ശ്രീകുമാരൻ തമ്പിയ്ക്ക് ഇഷ്ടവുമായില്ല. എന്നാൽ ബാബുരാജിനോട് അത് പറയാനുള്ള ധൈര്യവും അദ്ദേഹത്തിനില്ലായിരുന്നു. അന്ന് ഈ ഗാനത്തിന്റെ പശ്ചാത്തലസംഗീതം (ഓർക്കസ്ട്രേഷൻ) ഒരുക്കിയിരുന്ന ആർ കെ ശേഖർക്ക് ശ്രീകുമാരൻ തമ്പിയുടെ മുഖഭാവത്തിൽ നിന്നും ഇക്കാര്യം മനസ്സിലായി. അത് ആർ കെ ശേഖർ ബാബുരാജിനോട് സൂചിപ്പിച്ചു. ബാബുരാജ് ശ്രീകുമാരൻ തമ്പിയുടെ അഭിപ്രായം ചോദിച്ചപ്പോൾ “ബാബുക്കയുടെ അകലെ വളരെ അടുത്തുപോയെന്നും, അകലം തോന്നിപ്പിക്കുന്ന തരത്തിലാവണം സംഗീതം എന്നും” ശ്രീകുമാരൻ തമ്പി മറുപടി പറഞ്ഞു. അങ്ങനെയാണത്രെ ചാരുകേശിയിൽ ഈ ഗാനം വീണ്ടും ചിട്ടപ്പെടുത്തിയത്.
“നിൻപദങ്ങളിൽ നൃത്തമാടിടുന്നെന്റെ സ്വപ്നജാലം“ നാഴികക്കല്ലിലെ ഈ പ്രശസ്തമായ ഗാനത്തിന്റെ സംഗീത സംവിധാനം സലിൽ ചൗധരിയുടെ സഹായിയായിരുന്നു കാനുഘോഷ് നിർവഹിച്ചതാണത്രെ. താൻ ആദ്യമായി ഈണത്തിനനുസരിച്ച് വരികൾ എഴുതിയ ഗാനവും ഇതാണെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു.
“കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ” അപ്പു എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ സംഗീതം സൗന്ദർരാജ് ആണ് നിർവ്വഹിച്ചത്. ഇളയരാജയുടെ സഹായി ആയിരുന്ന ഇദ്ദേഹമാണ് ഇളയരാജ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ഗാനങ്ങൾ ഗായകരെ പഠിപ്പിച്ചിരുന്നതത്രെ.
ബല്ലാത്ത പഹയൻ എന്ന ടി എസ്സ് മുത്തയ്യ ചിത്രത്തിലെ “കടലലറുന്നു കാറ്റലറുന്നു കരയോ കണ്ണുതുടയ്ക്കുന്നു“ എന്ന ഗാനമാണ് ജോബ് എന്ന സംഗീതസംവിധായകനുവേണ്ടി ആദ്യമായി ശ്രീകുമാരൻ തമ്പി എഴുതിയ ഗാനം. ജോബും ശ്രീകുമാരൻ തമ്പിയും ഒന്നിച്ച ഏകചിത്രവും ബല്ലാത്ത പഹയൻ തന്നെ. എന്നാൽ സാമ്പത്തികമായി കനത്ത പരാജമായിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകശ്രദ്ധനേടിയവയാണെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. മുസ്ലീം രീതിയിലുള്ള പാട്ടുകൾ താൻ എഴുതാൻ ആരംഭിച്ചതും ഈ ചിത്രത്തോടെയാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
(അവലംബം 16/04/2011ന് മനോരമവിഷനിൽ സംപ്രേക്ഷണം ചെയ്ത “പാട്ടിന്റെ വഴി” )