പ്രസന്ന
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് പ്രസന്ന വെങ്കിടേശ്വരൻ. ട്രിച്ചിയിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് സ്കൂളിൽ മെട്രിക്കുലേഷൻ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പഠിക്കുമ്പോൾ തന്നെ മിമിക്രിയിലും അഭിനയത്തിലും കഴിവുതെളിയിച്ചിരുന്നു. തിരുച്ചിറപ്പള്ളിയിലെ സാരാനാഥൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ EEE വിദ്യാർത്ഥിയായിരുന്ന പ്രസന്ന 2002 -ൽ സൂസി ഗണേശ് സംവിധാനം ചെയ്തു മണിരത്നം നിർമ്മിച്ച ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തെത്തി. തുടർന്ന് രാഗസിയമൈ, കാതൽ ഡോട്ട് കോം, അഴകിയ.തീയെ എന്നീ സിനിമകളിൽ അഭിനയിച്ചു. അഴകിയ തീയേ ചിത്രത്തിലെ അഭിനയത്തിൽ ആകൃഷ്ടനായ പ്രകാശ് രാജ്, തൻ്റെ അടുത്ത നിർമ്മാണമായ കണ്ട നാൾ മുതൽ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ലൈലയും കാർത്തിക് കുമാറും അഭിനയിച്ച നവാഗതയായ വി.പ്രിയ സംവിധാനം ചെയ്ത ത്രികോണ പ്രണയകഥ വാണിജ്യ വിജയമായിരുന്നു.
അതിനുശേഷം ചീന താണ, അച്ചമുണ്ട്, അച്ചമുണ്ട് എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ പ്രസന്ന നായകനായി അഭിനയിച്ചു. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2019 -ൽ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത, പൃഥ്വിരാജ് നായകനായ ബ്രദേഴ്സ്ഡേ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് പ്രസന്ന മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയിൽ നായികയായ സ്നേഹയുമായി പ്രണയത്തിലായ പ്രസന്ന അവരെ വിവാഹം ചെയ്തു. പ്രസന്ന - സ്നേഹ ദമ്പതിമാർക്ക് രണ്ട് മക്കളാണുള്ളത്.