വില്വമംഗലത്തിനുദർശനം നൽകിയ
വൃന്ദാവന മണിവർണ്ണാ
നിന്റെ കടാക്ഷങ്ങളെന്നിൽ പതിയുവാൻ
എന്തിത്ര താമസം കൃഷ്ണാ
ഗുരുദക്ഷിണയിലെ കണ്ണനാമുണ്ണിയായ്
ഗുരുവായൂരിൽ ഞാനാടി എത്ര നാൾ
ഗുരുവായൂരിൽ ഞാനാടി
ഭഗവത് ദൂതിലെ വിശ്വരൂപത്തിനു
പട്ടും വളയും നേടി ഞാനെത്ര
പട്ടും വളയും നേടി
ഓർമ്മയില്ലേ എന്റെ കഥകളി വേഷങ്ങൾ
ഓർമ്മയില്ലേ കൃഷ്ണാ..
(വില്വമംഗല)
തിരുമുൻപിൽ നിന്നു ഞാൻ ഭക്തകുചേലനായ്
ഹരിനാമകീർത്തനം പാടി എത്ര നാൾ
തിരു നാമ കീർത്തനം പാടി
തവ തൃക്കൈകളിലേറ്റു വാങ്ങേണമീ
അവിലും പൊതിയും കൂടി ഞാൻ നീട്ടും
അവിലും പൊതിയും കൂടി
ഓർമ്മയില്ലേ എന്റെ കഥകളി വേഷങ്ങൾ
ഓർമ്മയില്ലേ കൃഷ്ണാ..
(വില്വമംഗല)