പ്രജേഷ് സെൻ
പത്ര പ്രവർത്തന മേഖലയിൽ നിന്നും സിനിമരംഗത്തേക്ക് എത്തിയ വ്യക്തി. കിളിമാനൂർ പാപ്പാല പൂവത്തൂർ വീട്ടിൽ എൻ ഗോപി, പി കെ ലതിക എന്നിവരുടെ മകനായി ജനിച്ച പ്രജേഷ്, പാപ്പാല ഗവർമെന്റ് എൽ പി സ്കൂൾ, കിളിമാനൂർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് ഉപരി പഠനത്തിന് ശേഷം കുറച്ചു കാലം അദ്ധ്യാപകനായി ജോലി ചെയ്തു. പന്ത്രണ്ടു വർഷത്തോളം പ്രദേശിക പത്രപ്രവർത്തനം. അക്കാലയളവിൽ തന്നെ ആകാശവാണിയിലും ജോലി ചെയ്തു. ആകാശവാണിയിൽ പ്രഭാതഭേരി എന്ന പരിപാടിയുടെ പിന്നണിയിൽ പ്രജേഷ് ഉണ്ടായിരുന്നു. പിന്നീട് ആണ് സംവിധായകൻ സിദ്ദിഖിന്റെ സഹായിയായി സിനിമയിൽ എത്തുന്നത്.
പ്രശസ്ത ഫുട്ബോൾ കളിക്കാരൻ ആയിരുന്ന വി പി സത്യന്റെ ജീവിതം ആസ്പദമാക്കി പുറത്തു വന്ന ക്യാപ്റ്റൻ എന്ന സിനിമയിലൂടെ പ്രജേഷ് സ്വതന്ത്ര സംവിധായകൻ ആയി. ജയസൂര്യ നായകനായ ഈ ചിത്രം പ്രജേഷിനു വലിയ പ്രശംസ നേടിക്കൊടുത്തു. പിന്നീട് 2021 ൽ പുറത്തു വന്ന തന്റെ രണ്ടാമത്തെ ചിത്രമായ വെള്ളത്തിലും ജയസൂര്യ തന്നെ ആയിരുന്നു നായകൻ. കണ്ണൂർ സ്വദേശിയായ മുരളി എന്നയാളുടെ ജീവിതം ആസ്പദമാക്കിയായിരുന്നു വെള്ളം എന്ന സിനിമ ഒരുക്കിയത്.
എഴുത്തുകാരൻ കൂടെ ആയ പ്രജേഷിനു രാംനാഥ് ഗോയങ്കെ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നമ്പിനാരായണന്റെ ജീവിതം ഇതിവൃത്തമാക്കി 'ഓര്മകളുടെ ഭ്രമണപഥം' സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന 'തന്മാത്രകള്', മല്ലികാര്ജ്ജുനന് കാണി എന്ന അമ്പെയ്ത്തുകാരന്റെ ജീവിതം അടയാളപ്പെടുത്തിയ 'ഏകലവ്യന്റെ വിരല്', 'വാടകത്തൊട്ടില്' 'മാഞ്ചി ഒരു ടെസ്റ്റ് ട്യൂബ് അനാഥയുടെ ആത്മകഥ' എന്നീ പുസ്തകങ്ങളും രചിച്ചു. നമ്പിനാരായണന്റെ പുസ്തകം അടിസ്ഥാനമാക്കി ഡോക്യമെന്ററിയും ചെയ്തിട്ടുണ്ട്.
സഹോദരൻ ലെബിസൺ ഗോപിയും സിനിമയിൽ സജീവമാണ്. അറിയപ്പെടുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ ആണ് ലെബിസൺ.
ഫേസ്ബുക്ക് പ്രൊഫൈൽ