സിദ്ധാർത്ഥ്
ചെന്നൈയിലാണ് സിദ്ധാർത്ഥിന്റെ ജനനം. കോമേഴ്സിൽ ബിരുദം നേടിയിട്ടുള്ള സിദ്ധാർത്ഥ് പഠനകാലത്തു തന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം സംവിധായകൻ ജയേന്ദ്ര, ഛായാഗ്രാഹകൻ പി സി ശ്രീറാം എന്നിവരുടെ കൂടെ പ്രവർത്തിക്കാൻ തുടങ്ങി. താമസിയാതെ ജയേന്ദ്രയുടെ സിനിമയിൽ അസിസ്റ്റന്റ് ഡയറകടറായി. 2002 -ൽ കണ്ണത്തിൽ മുത്തമിട്ടാൻ എന്ന സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് സിദ്ധാർത്ഥ് സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ബോയ്സ് എന്ന ചിത്രത്തിൽ നായകനായി. തുടർന്ന് തമിഴ്, തെലുഗു ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
സിദ്ധാർത്ഥ് നായകനായ പ്രതിനായകൻ, ഞാനും എന്റെ ശ്രീയും-ഡബ്ബിംഗ് എന്നീ അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ദിലീപ് നായകനായ കമ്മാര സംഭവം എന്ന സിനിമയിൽ തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിദ്ധാർത്ഥ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. The Lion King എന്ന ഇംഗ്ലീഷ് ചിത്രത്തിലെ നായകനായ സിംബ എന്ന സിംഹത്തിന് ശബ്ദം കൊടുത്തത് സിദ്ധാർത്ഥായിരുന്നു. സിനിമകൾക്ക് പുറമേ ചില ടെലിവിഷൻ പരമ്പരകളിലും, പരസ്യ ചിത്രങ്ങളിലും അദ്ധേഹം അഭിനയിച്ചിരുന്നു, അഭിനേതാവിനുപുറമേ ഗായകനും കൂടിയായ സിദ്ധാർത്ഥ് തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി ഇരുപതോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.