ടിസ്ക ചോപ്ര
1971 നവംബർ 1 -ന് ഹിമാചൽ പ്രദേശിൽ ജനിച്ചു. നോയിഡയിലെ Apeejay School -ൽ നിന്നും ബിരുദം പൂർത്തിയാക്കിയ ടിസ്ക്ക, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി ജി എടുത്തു. കോളേജ് പഠനകാലത്ത് അമച്വർ നാടകവേദികളിൽ ടിസ്ക പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം നസറുദ്ദീൻ ഷായുടെ നാടകട്രൂപ്പിൽ അഭിനയിക്കാൻ തുടങ്ങി. തുടർന്ന് നിരവധി നാടകങ്ങളിൽ ടിസ്ക അഭിനയിച്ചു.
1993 Platform എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ടിസ്ക സിനിമയിലെത്തുന്നത്. തുടർന്ന് Taare Zameen Par ഉൾപ്പെടെ പത്തിലധികം ഹിന്ദി ചിത്രങ്ങളിലും ചില മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്കു ചിത്രങ്ങളിലും ടിസ്ക അഭിനയിച്ചു. Cape Karma എന്ന ഇംഗ്ലീഷ് ചിത്രത്തിലും അവർ അഭിനയിച്ചു. 2008 -ൽ മമ്മൂട്ടി നായകനായ മായാ ബസാർ എന്ന സിനിമയിലൂടെയാണ് ടിസ്ക മലയാളത്തിലെത്തുന്നത്. പിന്നീട് 2015 -ൽ നിർണായകം എന്ന സിനിമയിലും ഒരു പ്രധാന വേഷം ചെയ്തു.
സിനിമകളും നാടകങ്ങളും കൂടാതെ നിരവധി ഹിന്ദി സീരിയലുകളിലും ചില ഷോർട്ട് ഫിലിമുകളിലും ടിസ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്തമായ പല ബ്രാൻഡുകളുടെയും പരസ്യങ്ങളിൽ അവർ മോഡലായിരുന്നു.
എയർ ഇന്ത്യയിൽ പൈലറ്റായിരുന്നു ക്യാപ്റ്റൻ സഞ്ജയ് ചോപ്രയാണ് ടിസ്കയുടെ ഭർത്താവ്. അവർക്ക് ഒരു മകൾ താര.