ആർ സുകുമാരൻ
ഏകദേശം 30 വർഷങ്ങളോളം ചിത്രകലാ അധ്യാപകനായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ആർ സുകുമാരൻ. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി. നൂറനാട് പള്ളിക്കൽ മേടയിൽ ബംഗ്ലാവിൽ ആർട്ടിസ്റ്റ് മുട്ടത്ത് കെ രാമനുണ്ണിത്താനിൽ നിന്ന് ഗുരുകുല സമ്പ്രദായത്തിലൂടെ ചിത്രകല അഭ്യസിച്ചു. വാട്ടർ കളറിലും, എണ്ണച്ഛായാ ചിത്രങ്ങളിലും പ്രാവീണ്യം നേടി. പിന്നീട് ഫൈൻ ആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കി ചിത്രകാരനും പെയിന്ററുമായി മാറിയ ആർ. സുകുമാരൻ ജർമ്മനിയിൽ നടന്ന ഒരു ചിത്രപ്രദർശന വേളയിൽ സിനിമ എടുക്കുന്നതിന് ക്ഷണം ലഭിക്കുകയും തുടർന്ന് സിനിമാ രംഗത്തേക്ക് കടന്നു വരികയുമായിരുന്നു. ആദ്യ ചിത്രം 1988ൽ മോഹൻലാൽ ഇരട്ടവേഷങ്ങൾ കൈകാര്യം ചെയ്ത പാദമുദ്രയായിരുന്നു. നാലുവർഷത്തിനു ശേഷം മോഹൻലാലിനെത്തന്നെ നായകനാക്കിത്തന്നെ രാജശില്പി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി 2010ൽ സംവിധാനം ചെയ്ത യുഗപുരുഷനാണ് ആർ സുകുമാരന്റെ മൂന്നാം മലയാള സിനിമ. മൂന്നു സിനിമകളോടെ തന്നെ മലയാളത്തിൽ പേരെടുത്ത സംവിധായകനാണ് ആർ സുകുമാരൻ.
ആർ സുകുമാരന്റെ "റൂട്ട്സ്" എന്ന പെയിന്റിംഗ് ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായിരുന്നു.ഒരു പെയിന്ററെന്ന നിലയിൽ "പ്രതിച്ഛായ" എന്ന പേരിൽ കേരളത്തിനകത്തും പുറത്തും ഏകാംഗ ചിത്രകലാ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ജർമനി, ഫ്രാൻസ് , സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രങ്ങളുടെ ഏക്സിബിഷൻസ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും പെയിന്റിംഗുകളും ഇവിടെ കാണുകയും വാങ്ങുകയും ചെയ്യാം