ഉണ്ണി ആറന്മുള
പത്തനംതിട്ട ജില്ലയിലെ ആറന്മുളയാണ് ഉണ്ണി ആറന്മുള എന്നറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ നായർ ജനിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള പിന്നീട് സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച് ചലച്ചിത്ര മേഖലയിലേയ്ക്ക് ഇറങ്ങുകയായിരുന്നു.
1984 -ൽ എതിർപ്പുകൾ എന്ന സിനിമക്ക് കഥ,തിരക്കഥ,സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിർവഹിച്ചുകൊണ്ടായിരുന്നു ഉണ്ണി ആറന്മുള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 'എതിർപ്പുകൾ' എന്ന ചിത്രത്തിലാണ് ഉർവശി മലയാള സിനിമയിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിനുശേഷം 1987 -ൽ സ്വർഗ്ഗം എന്ന ചിത്രം സംവിധാനം ചെയ്തു. ആ സിനിമയുടേയും കഥ,തിരക്കഥ,സംഭാഷണം, ഗാനരചന എന്നിവ ഉണ്ണി ആറന്മുള തന്നെയായിരുന്നു. പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ). ഈരേഴു പതിനാലു ലോകങ്ങളിൽ, ഏഴു സ്വരങ്ങളിൽ ഏതു സ്വരം (സ്വർഗം) തുടങ്ങി
ഉണ്ണി രചിച്ച ഗാനങ്ങൾ അക്കാലത്ത് ഹിറ്റുകൾ ആയിരുന്നു. കമ്പ്യൂട്ടർ കല്യാണം എന്ന ചിത്രം പൂർത്തീകരിച്ചെങ്കിലും കോവിഡ് കാലത്തു ആ സിനിമയുടെ പ്രിന്റിന് തകരാർ സംഭവിച്ചത് കൊണ്ടു റിലീസ് ചെയ്യാൻ കഴിഞ്ഞില്ല.
അവിവാഹിതനായിരുന്ന ഉണ്ണി ആറന്മുള 2024 ഏപ്രിൽ 11 -ന് അന്തരിച്ചു.