ഞരളത്ത് രാമ പൊതുവാൾ
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അലനല്ലുരിനടുത്ത് ഞെരളത്തുപൊതുവാട്ടിൽ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂർ കുറിഞ്ഞിക്കാവിൽ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി ജനിച്ചു. ഭീമനാട് യു.പി. സ്കൂളിൽ നാലം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വലിയമ്മാവൻ കരുണാകരപ്പൊതുവാൾ, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂർ മാധവൻ നായർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
സോപാന സംഗീതത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമപ്പൊതുവാൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാന സംഗീതത്തെ ജനകീയവത്കരിച്ചു. അതിനായി അദ്ദേഹം 'ജനഹിത സോപാനം' എന്ന ജനകീയ രൂപം ആവിഷ്കരിക്കുകയുണ്ടായി. 'ദൈവം സർവ്വവ്യാപിയാണ്' എന്ന ആശയം ഉപയോഗിച്ചാണ് സോപാന സംഗീതത്തെ ക്ഷേത്രത്തിന്റെ പുറത്തേക്ക് എത്തിച്ചത്. ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ്, ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ഞരളത്ത് രാമപ്പൊതുവാൾ സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. കൂടാതെ അദ്ദേഹത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം മങ്കട രവിവർമ്മ നിർമ്മിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ ആത്മകഥയാണ് സോപാനം.
ഞരളത്ത് രാമപ്പൊതുവാളിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ. അവർക്ക് അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടക്കം ഏഴ് മക്കളാണുള്ളത്. മകൻ ഹരിഗോവിന്ദൻ പ്രശസ്ത സോപാന സംഗീതജ്ഞനാണ്. 1996 ഓഗസ്റ്റിൽ രാമപ്പൊതുവാൾ അന്തരിച്ചു.


