സുദേഷ് ബെറി
പ്രധാനമായും ബോളിവുഡ് സിനിമകളിലും ഹിന്ദി ടെലിവിഷൻ രംഗത്തും നിലയുറപ്പിച്ചിട്ടുള്ള അഭിനേതാവാണ് സുദേഷ് ബെറി.
ബി ആർ ചോപ്രയുടെ "മഹാഭാരത" എന്ന ടെലിവിഷൻ സീരിയലിലെ വിചിത്രവീര്യന്റെ വേഷമാണ് സുദേഷ് ബെറിയെ ശ്രദ്ധേയനാക്കിയത് .തുടർന്ന് ടി രാമറാവുവിന്റെ "ഖത്രോം കേ ഖിലാഡി" എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ചു. നായകനായി അഭിനയിച്ച "വംശ് " "യുദ്ധ്പഥ് " തുടങ്ങിയവയുടെ പരാജയത്തെത്തുടർന്നു വില്ലൻ,സഹനടൻ വേഷങ്ങളിലെയ്ക്ക് ചുവടുമാറി. "ബോർഡർ", "റെഫ്യൂജി","എൽ ഓ സി" തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
ദൂരദർശനിൽ സംപ്രേഷണം ചെയ്ത, ഗൗതം അധികാരിയുടെ "സുരാഗ്" എന്ന ത്രില്ലർ പരമ്പരയിലെ ഇൻസ്പെക്ടർ ഭരത് , അതേ ടീമിന്റെ തന്നെ "സി ഐ ഡി ഓഫീസർ" പരമ്പരയിലെ സി ഐ ഡി ഓഫീസർ വിധാൻ എന്നീ വേഷങ്ങൾ അദ്ദേഹത്തിന് ഏറെ പ്രശസ്തിയും ആരാധകരെയും നേടിക്കൊടുത്തു.
2012 ൽ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന സിനിമയിലെ വിഷ്ണുബുദ്ധൻ എന്ന വില്ലൻ കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ട് മലയാളം സിനിമയിൽ തുടക്കം കുറിച്ചു
2013 ൽ ശശി സംവിധാനം ചെയ്ത "555" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും സുദേഷ് അരങ്ങേറി. മലയാളത്തിലും തമിഴിലും മൊഴിമാറ്റം നടത്തി സീ ടിവി ചാനലുകളിൽ 2013 മുതൽ സംപ്രേഷണം ചെയ്യുന്ന, സ്വസ്തിക് പിക്ചേഴ്സിന്റെ " മഹാഭാരത്" പരമ്പരയിലെ ദ്രുപദൻ ആയി വേഷമിടുന്നുണ്ട് സുദേഷ് ബെറി ഇപ്പോൾ.