ഓമല്ലൂർ ചെല്ലമ്മ
1927 ൽ ഓമല്ലൂർ പന്ന്യാലി മേപ്പള്ളിൽ തറവാട്ടിലെ നാരായണൻ നായരുടെയും കുട്ടിയമ്മയുടെയും അഞ്ചു പെൺമക്കളിൽ ഒരാളായി ഓമല്ലൂർ ചെല്ലമ്മ ജനിച്ചു. കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ച ഇവർ കുട്ടമത്ത് കുന്നിയുർ കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ബാലഗോപാലൻ എന്ന സംഗീത നാടകത്തിൽ ബാലഗോപാലനായി വേഷമിട്ട് അരങ്ങിലെത്തി. സംഗീത അദ്ധ്യാപികയാകണമെന്ന ആഗ്രഹത്താൽ സ്‌കൂൾ പഠനത്തോടൊപ്പം സംഗീതപഠനവും തുടർന്ന ഇവരുടെ ആദ്യഗുരു മാവേലിക്കര സുബ്രഹ്മണ്യമായിരുന്നു. പിന്നീട് കോടമ്പള്ളി ഗോപാലപിള്ളയും സ്വാതിതിരുനാൾ അക്കാദമിയിലെ അധ്യാപിക കല്യാണിക്കുട്ടിയമ്മ ആയിരുന്നു ഗുരു. സംഗീത പഠനശേഷം ഗുരു കോടമ്പള്ളി ഗോപാലപിള്ളയുടെ നിർദ്ദേശപ്രകാരം ചവറയിലെ കോടാകുളങ്ങര വാസുപിള്ളയുടെ ട്രൂപ്പിന്റെ പ്രമദ എന്ന നാടകത്തിൽ വേഷമിട്ടു. ഈ നാടകം വിജയമായിരുന്നില്ലെങ്കിലും ചെല്ലമ്മ അവതരിപ്പിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പൊടുക്കനയത്ത് വേലുപ്പിള്ളയുടെ പരബ്രഹ്മോദയിൽ സുഭഗ/അനാഥ എന്നീ നാടകങ്ങളിൽ ഉപനായികയായി. ഒപ്പം മുൻഷി പരമുപിള്ളയുടെ സ്വരാജ്/പ്രതിഭ എന്നീ നാടകങ്ങളിൽ നായികയുമായി. പിന്നീട് പാലാ ഐക്യകേരളകലാസമിതിയുടെ നാടകങ്ങളിൽ അഭിനയിച്ച ഇവരെ ഗ്രാമീണഗായകർ/വിയർപ്പിന്റെ വില തുടങ്ങിയ നാടകങ്ങൾ ഏറെ പ്രശസ്തയാക്കി. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ/ അഗസ്റ്റിൻ ജോസഫ്/മാവേലിക്കര പൊന്നമ്മ/ അക്ബർ ശങ്കരപിള്ള/തിക്കുറിശ്ശി തുടങ്ങിയവരുടെയൊപ്പം അഭിനയിച്ച ഇവർ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1950 ൽ സ്ത്രീ സിനിമ ആയപ്പോഴും ഇവർ അതിൽ നായികയായി. 1952 ൽ പ്രേമലേഖ എന്ന സിനിമയിലും നായികയായി അഭിനയിച്ചു. തുടർന്ന് തന്റെ ഇരുപത്തിനാലാം വയസ്സിൽ ഗോപിനാഥൻ നായരെ വിവാഹം കഴിച്ച് കൊൽക്കത്തക്ക് പോയതോടെ ഇവർ കലാരംഗത്തു നിന്ന് പൂർണ്ണമായി പിൻവാങ്ങി. 2016 ജൂൺ 19 ആം തിയതി ഇവർ തന്റെ 89 ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. സുരേഷ്‌കുമാർ/സതീഷ്‌കുമാർ എന്നിവരാണ് മക്കൾ.