ശ്രിയ റെഡ്ഡി
മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം അംഗമായിരുന്ന (വിക്കറ്റ് കീപ്പർ ) ഭരത് റെഡ്ഡിയുടെ മകളായ ശ്രിയ, സ്കൂൾ,കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എസ് എസ് മ്യൂസിക് ചാനലിലെ വി ജെ എന്ന നിലയിൽ ശ്രദ്ധേയ ആയതിനു ശേഷമാണ് സിനിമയിൽ എത്തുന്നത്. 'അപ്പുടപ്പുഡു' എന്ന ഒരു തെലുഗു സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും തമിഴിൽ അതിനുശേഷം ചെയ്ത 'സമുറായ്' ആണ് ആദ്യം പുറത്തിറങ്ങിയത് . തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത 'ബ്ലാക്ക്' എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. തമിഴിൽ 'വെയിൽ' , 'കാഞ്ചീവരം' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.
തമിഴ് / തെലുഗു സിനിമാരംഗത്തെ മുൻ നടനും നിർമ്മാതാവുമായ വിക്രം കൃഷ്ണയാണ് (തമിഴ് നടൻ വിശാൽ കൃഷ്ണയുടെ സഹോദരൻ) ശ്രിയ റെഡ്ഡിയുടെ ജീവിതപങ്കാളി. വിവാഹത്തിനു ശേഷം അഭിനയരംഗം വിട്ട് ഭർത്താവിന്റെ സിനിമാസംരംഭങ്ങളിൽ സഹനിർമ്മാതാവായ ശ്രിയ, 2016 ൽ 'അണ്ടാവ കാണോം', പ്രിയദർശന്റെ 'സില സമയങ്ങളിൽ' എന്നീ സിനിമകളിലൂടെ അഭിനയരംഗത്ത് വീണ്ടുമെത്തി.