ഒരു പൊൻ കിനാവിലേതോ

ഒരു പൊൻ കിനാവിലേതോ
കിളി പാടും കളഗാനം
നറുവെണ്ണിലാവിനീറൻ
മിഴി ചാർത്തും ലയഭാവം
ചിരകാലമെന്റെയുള്ളിൽ
വിടരാതിരുന്ന പൂവേ ഈ
പരിഭവം പോലുമെന്നിൽ
സുഖം തരും കവിതയായ് (ഒരു...)

ഒരു വെൺപിറാവു കുറുകും
നെഞ്ചിൻ ചില്ലയിൽ
കുളിർമഞ്ഞണിഞ്ഞു കുതിരും
കാറ്റിൻ മർമ്മരം
കുറുമൊഴികളിൽ നീ തൂകുന്നുവോ
പുതുമഴയുടെ താളം
കളമൊഴികളിൽ നീ ചൂടുന്നുവോ
കടലലയുടെയീണം
ഇനിയുമീയെന്നെയാലോലം തലോടുന്നുവോ നിൻ നാണം (ഒരു..)

ഒരു മൺചെരാതിലെരിയും
കനിവിൻ നാളമായ്
ഇനി നിന്റെ നോവിലലിയും
ഞാനോ സൗമ്യമായ്
കതിർ മണികളുമായ് നീ വന്നതെൻ
കനവരുളിയ കൂട്ടിൽ
മധുമൊഴികളുമായി നിന്നതെൻ
മനമുരുകിയ പാട്ടിൽ
പുലരിയായ് നിന്റെ പൂമെയ്യിൽ മയങ്ങുന്നുവോ ഞാൻ (ഒരു..)

----------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru ponkinaviletho