നെബുല എം പി

Nebula MP

1995ൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ അധ്യാപകരായ ശശിധരൻ, പ്രേമ ദമ്പതികളുടെ മൂത്ത മകളായി ജനനം.നാടക നടനും, സംവിധായകനും, ഒപ്പം അധ്യാപകനുമായ പിതാവ് ശശിധരൻ തന്നെയാണ് നെബുലയുടെ ആദ്യ ​ഗുരു.  അച്ഛനിൽ നിന്നും ചെറുപ്പത്തിലെ അഭിനയ ആവേശം ലഭിച്ച നെബുല സ്കൂൾ നാടകങ്ങളിലൂടെയാണ് ആദ്യമായി വേദിയിലെത്തുന്നത്.  ഈസ്റ്റ് വള്ള്യായ് യു പി സ്കൂൾ പഠനകാലത്ത്  ജില്ലാ സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയിലെ മികച്ച നടിയായ് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പി ജി എം ജി എച്ച്  എസ്  എസ്  ചെറുവാഞ്ചേരി സ്കൂൾ പഠനകാലത്ത് നാടകങ്ങളിലും, കലോൽസവ വേദികളിലും സജീവമായി.  ഏതാനും സ്കൂൾ നാടകങ്ങളുടെ സംവിധാനവും നിർവഹിച്ചു.  ജില്ലാ കേരളോത്സവത്തിലും സംസ്ഥാന കേരളോത്സവത്തിലും  മോണോആക്ട്, കഥാപ്രസം​ഗം, കവിതാലാപന വേ​ദികളിലും ശ്രദ്ധേയമായി. 

കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കാലത്തും, ചിൻമയ മിഷൻ വുമൺസ് കോളേജ്, കണ്ണൂരിലെ ബിരുദ പഠനകാലത്തും കലാലയ  വേദികളിൽ സജീവമായി നിലകൊണ്ടു.  ഇരിട്ടി അങ്ങാടിക്കടവിൽ മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യുമ്പോഴാണ് ആദ്യമായി ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത്. ശിഷ്ടം എന്ന പേരിൽ ഇറങ്ങിയ കോളേജ് വിദ്യാർഥികളുടെ ഷോർട്ട് ഫിലിം ഒട്ടേറെ അവാർഡുകൾ നേടുകയും, നെബുല അവതരിപ്പിച്ച പ്രധാന കഥാപാത്രം അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.  ഈ സമയത്ത് തന്നെയാണ് പ്രശസ്ത നാടക സംവിധായകൻ ജിനോ ജോസഫിന്റെ സംവിധാനത്തിൽ സർവകലാശാല കലോൽസവത്തിൽ അവതരിപ്പിച്ച നാടകത്തിലൂടെ കണ്ണൂർ യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ പുരസ്കാരവും നെബുലയ്ക്ക് ലഭിക്കുന്നത്. മുരളി മേനോൻ, രഞ്ജി കങ്കോൽ, ടി കെ അനിൽ കുമാർ, സുധി പാനൂർ, രാജേഷ് കീഴത്തൂർ, പ്രമോദ് ചീരാറ്റ എന്നിവരാണ് മറ്റ് ​​ഗുരുക്കൾ.  സ്കൂൾ കാലം മുതൽ തന്നെ പ്രശസ്ത നടൻ മുരളിയുടെതടക്കം  നിരവധി അഭിനയ ക്ലാസുകളിൽ പങ്കെടുത്ത് പരിശീലനം നേടിയിരുന്നു.

2018ൽ ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിനായി ഒരു മാർക്കറ്റിങ് വീഡിയോയിൽ അഭിനയിക്കാനും, അതിന്റെ പ്രൊഡക്ഷന്റെ ഭാ​ഗമാകാനും അവസരം ലഭിച്ചു. 2019ൽ കോഴ്സ് അവസാനിച്ചതോടെ മലപ്പുറത്തെ ഒരു അഡ്വർടൈസിങ്ങ് ഏജൻസിയിലെ ക്രിയേറ്റീവ് ടീമിന്റെ ഭാ​ഗമായി. അതേ വർഷം തന്നെയാണ് സുഹൃത്തായ ദീപ കേളാട്ട് ( മനോരമ ന്യൂസ് അവതാരക) മുഖേന ബിനു പപ്പുവിലൂടെ വൈറസ് എന്ന സിനിമയിലേക്ക് എത്തുന്നത്.  നിപ്പ ബാധിച്ച നേഴസിന്റെ മരണ വിവരം ടെലിവിഷനിൽ അനൗൺസ് ചെയ്യുന്ന റിപ്പോർട്ടറുടെ വേഷമായിരുന്നു സിനിമയിൽ.  

സംവിധായകൻ പ്രജേഷ് സെന്നുമായുള്ള അടുപ്പം വെള്ളം സിനിമയിൽ ജോണി ആന്റണിയുടെ മകളുടെ വേഷത്തിലേക്കെത്തിച്ചു.  തുടർന്ന് നാരദൻ സിനിമയിലെ പുലർമഞ്ഞ് അവതാരികയായ മാധ്യമ പ്രവർത്തകയായ് ശ്രദ്ധനേടി.   

സിനിമയ്ക്ക് പുറമേ സാഹിത്യരചന, ആകാശവാണി റേഡിയോ നാടകങ്ങളുടെ രചയിതാവും, സംവിധായികയും, ശബ്ദ ദാതാവും ആയി പ്രവർത്തിച്ചിട്ടുണ്ട് നെബുല. മലബാർ മേഖലയിൽ ഫ്രീലാൻസറായ് ബി ബി സി ഓൺലൈനിൽ ഫോട്ടോ​ഗ്രാഫറായും, ചൈന സെൻട്രൽ ടി വി യ്ക്ക് വിഡിയോ​ഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നേർക്കുനേർ ചർച്ചയിൽ പാനലിസ്റ്റായിരുന്നു. 

നെതന്യയാണ് സഹോദരി.