നവീൻ ടി മണിലാൽ
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി. 1986 ഏപ്രിൽ നാലിന് മണിലാൽ ടി കെ, വിജി കെ കെ എന്നിവരുടെ മകനായി ജനിച്ചു. പ്രാഥമികവിദ്യഭ്യാസത്തിനു ശേഷം ബോംബെയിൽ ഇൻസ്ട്രമെന്റേഷനിൽ ഡിപ്ലോമ പൂർത്തിയാക്കി. തുടർന്ന് രാജസ്ഥാനിലും തുടർന്ന് രണ്ടരവർഷക്കാലം ദുബായിലുമായി ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറായി ജോലി നോക്കി. 2010ൽ സിനിമാ മോഹം കൊണ്ട് ദുബായിലെ ജോലി ഉപേക്ഷിച്ച് കൊച്ചിയിൽ സിനിമാ ഓഡീഷനുകളിൽ പങ്കെടുത്തു തുടങ്ങി. 2012ൽ അമിതയുമായി വിവാഹം കഴിഞ്ഞ ശേഷം ആക്റ്റ്ലാബ് എന്ന സ്ഥാപനത്തിൽ പങ്കെടുത്ത് അഭിനയപരിശീലനയം നേടി. സിനിമയിലെ നിരവധി സൗഹൃദങ്ങൾ ആക്റ്റ്ലാബിൽ നിന്ന് നേടിയ നവീൻ സിനിമകൾക്ക് വേണ്ടി കഥകളെഴുതാനാരംഭിച്ചു.നാനയിൽ വന്ന സിനിമാക്കഥാമത്സരത്തിൽ നവീനെഴുതിയ കഥ ശ്രദ്ധേയമാവുകയും സിനിമയിലേക്കുള്ള അവസരങ്ങൾക്ക് തുടക്കമാവുകയുമായിരുന്നു എങ്കിലും നിരവധി വർഷങ്ങൾക്ക് ശേഷമാണ് നവീന്റ ആദ്യ തിരക്കഥ സിനിമയാവുന്നത്.
ആദ്യ സിനിമയിലേക്കെത്തുന്നതിനു മുമ്പ് ഏകദേശം മൂന്നോളം തിരക്കഥകൾ സിനിമകളാവാൻ തുടക്കമായെങ്കിലും പിന്നെ ആ പ്രോജക്റ്റുകൾ തുടരാതെ പോവുകയും ചെയ്തു. ഈ കാലയളവിൽ മുൻപ് പരിചയമുണ്ടായിരുന്ന ഹ്രസ്വചിത്ര സംവിധായകൻ പ്രിൻസ് ജോയ് കോണ്ടാക്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ കുഞ്ഞുണ്ണി കുണ്ഠിതനാണ് എന്ന പ്രോജക്റ്റിലേക്ക് തിരക്കഥാകൃത്തായി ക്ഷണിക്കുകയുമായിരുന്നു. കുഞ്ഞുണ്ണിയുടെ കഥ അനുഗ്രഹീതൻ ആന്റണി എന്ന പേരിൽ സണ്ണി വെയ്ൻ നായകനായ സിനിമയായി പുറത്തി. നവാഗത സംവിധായകനും തിരക്കഥാകൃത്തുമൊക്കെ സിനിമയോടൊപ്പം ശ്രദ്ധേയരായി മാറി.
അഴിഞ്ഞാട്ടം, ആർനോൾഡിന്റെ ആശാൻ, കപ്പിത്താൻസ് എന്ന തിരക്കഥകളാണ് നവീൻ മുൻപ് എഴുതിയിരുന്നത്. ആക്റ്റ് ലാബിൽ നവീന്റെ അഭിനയഗുരു സജീവ് നമ്പിയത്താണ്. അനുഗ്രഹീതൻ ആന്റണിയിൽ ഫോട്ടോഗ്രാഫർ മനോജ് എന്ന വേഷവും നവീൻ കൈകാര്യം ചെയ്തു. പേരുകൾ അനൗൺസ് ചെയ്യാത്ത ത്രില്ലർ, ഫൺ എന്നീ ജോണറുകളിൽ വരുന്ന രണ്ട് സിനിമകളാണ് നവീന്റെ പുതിയ പ്രൊജക്റ്റുകൾ.
ഭാര്യ അമിത പ്രേംകുമാർ ബാങ്കുദ്യോഗസ്ഥയാണ്. മകൾ ഐലീൻ ടി നവീൻ.
നവീന്റെ ഫേസ്ബുക്ക് പ്രൊഫൈൽ : Naveen T Manilal