മുണ്ടൂർ കൃഷ്ണൻകുട്ടി
പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കൃഷ്ണൻകുട്ടി വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
1957 -ല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ 'അമ്പലവാസികൾ' എന്ന കഥ എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടാണ് മുണ്ടൂർ കൃഷ്ണൻകുട്ടി എഴുത്തിന്റെ ലോകത്ത് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ നവലോകം ആഴ്ചപതിപ്പിൽ 'കന്നാലിച്ചെക്കൻ' എന്ന കഥയും പ്രസിദ്ധീകരിച്ചു. നിരവധി ചെറുകഥകൾ എഴുതിയിട്ടുള്ള കൃഷ്ണൻകുട്ടിയുടെ 'ആശ്വാസത്തിന്റെ മന്ത്രച്ചരട്' എന്ന കൃതിക്ക് 1997 -ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, "എന്നെ വെറുതെ വിട്ടാലും" എന്ന കൃതിക്ക് 2002 -ല്‍ ഓടക്കുഴല്‍ അവാര്‍ഡും, 1996 -ല്‍ 'നിലാപിശുക്കുള്ള രാത്രിയില്‍' എന്ന കൃതിക്ക് ചെറുകാട് അവാര്‍ഡും ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പത്തു കഥകളില്‍ ഒന്നായി മുണ്ടൂരിന്റെ 'മൂന്നാമതൊരാള്‍' എന്ന കഥയെ ടി പത്മനാഭന്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന 'സഖി' വാരികയുടെ പത്രാധിപരായിരുന്ന കൃഷ്ണൻകുട്ടി കേരള സാഹിത്യ അക്കാദമി അംഗമായും, ലക്കിടി കുഞ്ചന്‍ സ്മാരകത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനരംഗത്തും തന്റേതായ സംഭാവനകൾ നൽകിയിരുന്നു. 2002 -ൽ ചിതറിയവർ, 2005 -ൽ ഹായ് എന്നീ സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്രരംഗത്തും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.
2005 ജൂണിൽ മുണ്ടൂർ കൃഷ്ണൻകുട്ടി അന്തരിച്ചു.


