മുകേഷ് ഖന്ന
1958 ജുൺ 19 ജനിച്ചു. മുകേഷ് ഖന്ന നിയമത്തിൽ പിജി കഴിഞ്ഞതിനുശേഷം ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യയിൽ ചേർന്നു. പഠനത്തിനുശേഷം അദ്ദേഹം അഭിനയരംഗത്തേയ്ക്കെത്തി. എൺപതുകളിൽ ഖന്ന ചില ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിയ്ക്കപ്പെട്ടിരുന്നില്ല. 1988 - 1990 കാലത്ത് ബി ആർ ചോപ്രയുടെ മഹാഭാരതം ടെലിവിഷൻ പരമ്പരയിൽ ഭീഷ്മരായി അഭിനയിച്ചതോടെയാണ് മുകേഷ് ഖന്ന പ്രശസ്തനാകുന്നത്. പിന്നീട് 1997 - 2005 കാലത്ത് അദ്ദേഹം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യ സൂപ്പർ ഹീറോയായ ശക്തിമാൻ ആയി അഭിനയിച്ച് കുട്ടികളുടെ ആരാധനാപാത്രമായി മാറി.
എഴുപതിലധികം ചിതങ്ങളിൽ മുകേഷ് ഖന്ന അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഹിന്ദി സിനിമകളാണ്. ഒരു മലയാള സിനിമയിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. 2014 ൽ ഇറങ്ങിയ രാജാധിരാജ യിൽ മമ്മൂട്ടിയുടെ വില്ലനായിട്ടായിരുന്നു അഭിനയിച്ചത്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1998 -ൽ രാഷ്ട്രീയത്തിലിറങ്ങിയ മുകേഷ് ഖന്ന ബിജെപിയിൽ ചേർന്നു. അവിവാഹിതനാണ് അദ്ദേഹം.