മണിവണ്ണൻ
തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സുലൂർ സ്വദേശിയാണ് മണിവണ്ണൻ. കോളേജ് പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്ന അദ്ദേഹം വിദ്യാഭ്യാസം പൂർത്തീകരിച്ചതിനുശേഷമാണ് സിനിമയിലെത്തുന്നത്. പ്രശസ്ത തമിഴ് സിനിമാസംവിധായകൻ ഭാരതി രാജയുടെ സംവിധാന സഹായിയായിട്ടാണ് മണിവണ്ണന്റെ സിനിമാപ്രവേശനം. 1979 മുതല്‍ ഭാരതിരാജയുടെ സഹായിയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്ത അദ്ദേഹം പിന്നീട് തമിഴിൽ തിരക്കുള്ള കോമഡി നടനായി മാറി.
തായ് മാമന്‍, കാതല്‍ കോട്ടൈ, ഗോപാലാ ഗോപാലാ, ഉള്ളത്തെ അള്ളിത്താ, കാതലുക്ക് മര്യാദൈ, അവ്വൈ ഷണ്മുഖി, പുതയല്‍, തുള്ളാത മനവും തുള്ളും, ഖുഷി, മുതല്‍വന്‍/ പടയപ്പ/ സംഗമം/ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍/ പഞ്ചതന്ത്രം/ പമ്മല്‍ കെ സംബന്ധം, എങ്കള്‍ അണ്ണ, ശിവാജി, മജാ, വേലായുധം.. തുടങ്ങി നാനൂറിലധികം സിനിമകളില്‍ മണിവണ്ണൻ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിടൊപ്പം സംവിധാനരംഗത്തും അദ്ദേഹം കഴിവുതെളിയിച്ച മണിവണ്ണൻ തോഴര്‍ പാണ്ഡ്യന്‍/ വീരപ്പതക്കം/അമൈദിപ്പടൈ/ പുതുമനിതന്‍/ ചിന്നതമ്പി പെരിയ തമ്പി/ ജല്ലിക്കട്ട്/ പാലൈവന റോജാക്കള്‍ തുടങ്ങി അമ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2013 മേയിൽ റിലീസ് ചെയ്ത നാഗരാജ ചോളന്‍ എംഎ എംഎല്‍എ എന്ന ചിത്രമായിരുന്നു അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം.
തമിഴ് നടൻ സത്യരാജിന്റെ അടുത്ത സുഹൃത്തായിരുന്ന മണിവണ്ണൻ സത്യരാജുമായി ചേർന്ന് ഇരുപത്തിയഞ്ചോളം തമിഴ് ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. തമിഴിലാണ് സജീവമായിരുന്നതെങ്കിലും മലയാളം/ തെലുങ്ക്/ ഹിന്ദി സിനിമകളിലും മണിവണ്ണൻ അഭിനയിച്ചിട്ടുണ്ട്. 2002 -ൽ ബിജുവർക്കി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഫാന്റം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറിയത്.
2013 - ജൂണിൽ മണിവണ്ണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മണിവണ്ണന്റെ ഭാര്യ സെങ്കമലം. ഒരു മകനും ഒരു മകളുമാണ് അവർക്കുള്ളത്, മകൻ രഘുവണ്ണൻ അഭിനേതാവാണ്.