എം എസ് നസീം
എം എസ് നസീം - ഗായകന്, മ്യൂസിക് കണ്ടക്ടര്‍, മലയാള സംഗീതത്തിന്‍െറ ചരിത്ര സൂക്ഷിപ്പുകാരന്, സ്റ്റേജ്-ടെലിവിഷന്‍ ഷോകളുടെ സംഘാടകന്‍, ഡോക്യുമെന്ററി സംവിധായകന് അങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തൻ. വളരെ ചെറുപ്പത്തിലെ തന്നെ അദ്ദേഹം സംഗീതലോകത്ത് എത്തി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജൂനിയര്‍ എ.എം രാജയെന്നും കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ റഫിയെന്നും വിളിപ്പേര് വീണു. മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചു. ആകാശവാണിയിലേയും ദൂരദർശനിലേയും സജീവ സാന്നിധ്യം. 1990 ല്‍ ഇറങ്ങിയ അനന്തവൃത്താന്തം എന്ന സിനിമയില്‍ ചിത്രയോടൊപ്പം പാടിയ നിറയും താരങ്ങളെ എന്ന ഒരേയൊരു ഗാനം മാത്രമേ എം എസ് നസീം സിനിമയിൽ ആലപിച്ചിട്ടുള്ളൂ. കേവലം ഒരു ഗായകനായി മാത്രം ഒതുങ്ങാതെ, മലയാളിയുടെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തെ കുറിച്ച് പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയിൽ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റി. ദൂരദര്ശന് തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’ എന്ന ഡോക്യുമെന്ററി, മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി നിർമ്മിക്കപ്പെട്ടതാണ്. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍െറ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്‍െറ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വര്‍ഷം കെ.എസ്.ഇ.ബിയില്‍ പ്രവർത്തിച്ചു. 2003ല്‍ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവര്‍ത്തകനായി മാറി. മുഹമ്മദ് റഫിയേയും മലയാളി സംഗീതജ്ഞന് എ ടി ഉമ്മറിനേയും കുറിച്ച് അദ്ദേഹം ഡോക്യുമെന്ററികൾ ചെയ്തിരുന്നു. നൗഷാദിനെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യുവാനുള്ള തയ്യാറെടുപ്പിനിടയിൽ, 2005 ൽ ഉണ്ടായ പക്ഷാഘാതത്തിൽ വലതുവശം തളരുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്ത അദ്ദേഹം 2021 ഫെബ്രുവരി 10 ആം തിയതി തന്റെ 65 വയസ്സിൽ വിടവാങ്ങി.
കടപ്പാട് : മാധ്യമത്തിൽ വന്ന ലേഖനം