അപ്പലാളേ പാട്ടിന്റെ ഉദ്ഭവത്തെക്കുറിച്ച് രചയിതാവും കവിയുമായ അൻവർ അലി

നീരാളി(Octopus)ക്ക് ലക്ഷദ്വീപിൽ വ്യാപകമായും അത്യുത്തരകേരളത്തിൽ അപൂർവ്വമായും പറയുന്ന പേരാണ് അപ്പല്. 

അപ്പല് പാതിരയ്ക്ക് തെങ്ങിൽക്കേറി ഇളങ്കള്ള് (മീര)  മോഷ്ടിക്കുന്നതിനെയും അതു രാത്രി കാവലിരുന്ന് കയ്യോടെ കണ്ടു പിടിച്ച ബീരാൻ കാക്ക അപ്പലിൻ്റെ എട്ടുകാലും അരിഞ്ഞു വീഴ്ത്തുന്നതിനെയും പറ്റി  ലക്ഷദ്വീപിലെ ഭാഷാഭേദമായ ദസരിയിൽ ഒരു അസ്സൽ നാടൻ പാട്ടുണ്ട്. അപ്പല് മീരാ കുടിച്ച കഥ എന്നാണ് അത് അറിയപ്പെടുന്നത്. അത് പക്ഷേ മാപ്പിളപ്പാട്ടിൻ്റെ ശൈലിയിലുള്ളതാണ്. 

എന്നെ ആകർഷിച്ചത്  അപ്പൽ അതായത് നീരാളി ആ ആഖ്യാനത്തിലൊരു സജീവ കഥാപാത്രമാണെന്നുള്ളതാണ്. കുറുക്കനും കോഴിയും പൂച്ചയും ആനയും എലിയുമൊക്കെ വൻകരകളുടെ അലിഗറികളിൽ വരുന്നതു പോലെയാവുമല്ലോ മീനും കടൽപ്പന്നിയും നിരാളിയുമൊക്കെ ലക്ഷദ്വീപുകാരുടെ ഫോക്ക്ലോറിൽ വരിക എന്ന യുക്തി, ആ പാട്ടുകേട്ട കാലം മുതൽ മനസ്സിലുണ്ടായിരുന്നു. നായാട്ടിനു വേണ്ടിയുള്ള പാട്ടിൻ്റെ ഉള്ളടക്കം എൻ്റെ സ്വാതന്ത്ര്യത്തിന് സംവിധായകൻ വിട്ടു തന്നപ്പോൾ മനസ്സിൽ എപ്പോഴുമുണ്ടായിരുന്ന ആ എട്ടുകാലൻ കഥാപാത്രം കേറി വന്നതാണ്. അങ്ങനെ കുടിയനായ അപ്പലിനെ മാത്രം ദ്വീപിൽ നിന്നെടുത്ത് വിഷ്ണുവിൻ്റെ നാട്ടീണത്തിൽ കൊണ്ടു വച്ചു. ദ്വീപ് പാട്ടിൻ്റെ മുഖ്യകഥയുമായോ ആഖ്യാനഘടനയുമായോ അതിന് വേറെ ബന്ധമൊന്നുമില്ല.

എൻ്റെ പാട്ടിൻ്റെ ആദ്യ വരികൾ  ആമുഖം പോലെയാണ്. കുശുമ്പിൻ്റെ വാക്കത്തി കൊണ്ട് പണ്ട് അപ്പലെ 'വെട്ടിയ' കഥ  കവിവക്താവിൽ കള്ളു പോലെ പുളിച്ചു തികട്ടി വരുന്നു...

തുടർന്ന് അടിച്ചു ഫിറ്റായ അപ്പലാളിനെ (അപ്പലിനെ ഇഷ്ടത്തോടെ വിളിക്കുന്നതാണ് അപ്പലാൾ) അഭിസംബോധന ചെയ്ത് വക്താവ്  കഥ പറയുകയാണ്. അക്കാനി മോഷ്ടിച്ച ചോവത്തിയെ ഓളെ ചോവൻ  പണ്ട് വാക്കത്തി കൊണ്ട്  വെട്ടിയരിഞ്ഞ സംഭവം,  വെള്ളിനിലാക്കള്ളുകൊടം കട്ട അപ്പലാളെ അസൂയയോടെ, നർമ്മത്തോടെ, ഓർമ്മിപ്പിക്കുന്നതാണ്  പാട്ടിൻ്റെ ബാക്കിയുള്ള ഭാഗം. 

സമ്പാദനം: