ഇന്ദ്രനന്ദനവാടിയില്‍

ഇന്ദ്രനന്ദനവാടിയില്‍ 
ചന്ദ്രികാങ്കിതവേദിയില്‍ 
പന്തടിച്ചു പാടിയാടിയ 
സുന്ദരീമണിയാണ് ഞാന്‍-
സുന്ദരീമണിയാണ് ഞാന്‍

പേരെനിയ്ക്കോ മേനക 
പ്രേമമലര്‍വനഗായിക 
ഞാന്‍ ചാരുനൃത്തമനോഹരി
ഞാന്‍ ചാരുനൃത്തമനോഹരി
നാടെനിക്കമരാപുരി
നാടെനിക്കമരാപുരി

താമസിക്കാന്‍ വന്നു ഞാന്‍ 
താപസാ നിന്നുള്ളിലായ്
മാരബാണവുമായ് നിന്നുടെ 
മാനസ മലര്‍വാടിയില്‍
താമസിക്കാന്‍ വന്നു ഞാന്‍

യൌവനപുരിയിലെ മദനോത്സവമേ
കണ്മണി മേനകേ വന്നാലും 
നിന്‍ കരവല്ലിയാല്‍ മാമുനിയെന്നെ
തങ്കമേ മന്ദം പുണര്‍ന്നാലും
യൌവനപുരിയിലെ മദനോത്സവമേ 
കണ്മണി മേനകേ വന്നാലും

നമ്മള്‍ തന്നനുരാഗവല്ലിയില്‍ 
പൂത്തൊരു നിര്‍മ്മലപുഷ്പത്തെ കണ്ടുവോ 
കാലം കനിഞ്ഞു തന്‍ സമ്മാനമായ്‌ തന്ന 
ബാലികാരത്നത്തെ കണ്ടുവോ

നിന്‍ പാപവൃത്തിയുടെ ഭീകരപാദത്തിന്‍ 
കൊമ്പത്തു പൂത്ത വിഷപുഷ്പമിതാര്‍ക്ക് വേണം 
പാപം വരിച്ചതിനു കിട്ടിയ പൈതലേ നീ 
മാറത്തെടുത്തു മറയത്തു ഗമിച്ചു കൊള്‍ക

ബ്രഹ്മാവിന്‍ കല്പനയാല്‍ ജീവിതക്കളിത്തോപ്പില്‍ 
മൊട്ടിട്ടു വിരിഞ്ഞൊരു മോഹനപുഷ്പമേ
കരയുക - കരയുക - നിന്‍ കണ്ണീര്‍ കാണട്ടെ
കരുണാകരനല്ലോ - കൈവല്യരൂപന്‍ ദൈവം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indra nandana vaadiyil

Additional Info

Year: 
1967

അനുബന്ധവർത്തമാനം