താമരപ്പൂക്കളും ഞാനും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നിനിലാവുമിളം വെയിലും വന്ന്
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ച് ഞങ്ങളുറങ്ങും
ഉറക്കത്തിലൊന്നേ മനസ്സിനു മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നെൽക്കു-
മ്പോളൊന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മ വെച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാ കല്ലോലിനിയിൽ
ഹംസങ്ങൾ പോൽ
എന്നനുഭൂതികൾ നീന്തും
എന്നനുഭൂതികൾ നീന്തും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
ഓരോ പരാഗവും എന്നിലെ തീയിൽ
വച്ചൂതി തനിത്തങ്കമാക്കും
ആ തങ്കമുരുക്കിയുണ്ടാക്കിയ കമ്പികൾ
എൻ മണിവീണയിൽ പാകും
തന്ത്രികളുതിർക്കും നാദനിറങ്ങൾ
ചാലിച്ചു ചാലിച്ചു കൂട്ടി
ചിത്രപ്പെടുത്തിയതാണു ഞാനീ കൊച്ചു
സപ്തവർണ്ണോജ്ജ്വല ചിത്രം
സപ്തവർണ്ണോജ്ജ്വല ചിത്രം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
എന്റെ ചിത്രത്തിലെ പൂവിന്നൂ
കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാമിതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെ-
ന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെ-
ന്നനുഭൂതിതൻ നാദം..നാദം
അനുഭൂതിതൻ നാദം
എന്നനുഭൂതിതൻ നാദം..നാദം