ഉലയിലാരു
ഉലയിലാരു കടഞ്ഞെടുത്തോരുടലിതരയത്തി
പല വടിവുകൾ ഇതിലാരൊരുക്കീ ചൊല്ലു വമ്പത്തീ
മെയ്യിളക്കി തെയ്യമാടടി തീയ്യകാരത്തീ
നിന്നുടലുലഞ്ഞുറയുന്ന കണ്ടെൻ പ്രജ രസിക്കട്ടെ
പിന്നെ ഫണമുയർത്തട്ടെ
ചുവടു വെച്ചു കളിക്കണോ കാൽ-
വിരലിൽ നിന്നുടലുറയണോ
ചുവടു വെച്ചു കളിക്കണോ കാൽ-
വിരലിൽ നിന്നുടലുറയണോ
കാട്ടുനീതി മറന്നു നിങ്ങടെ നാട്ടു രീതിയിലാടണോ
അറിവു കെട്ടവരെന്നു ഞങ്ങളെ നിങ്ങൾ പാടി നടന്നവർ-ഈ
അറിവു കെട്ട പണിക്കു ഞങ്ങളോടേറ്റു ചൊല്ലി നടപ്പതും പി-
ന്നകലെ നിന്നു രസിപ്പതും കൈ കൊട്ടി ഊറ്റം പറവതും
നാലാളു കേൾക്കെ ദുഷിപ്പതും
അതു നിങ്ങളല്ലെന്നോ
അതു നിങ്ങളല്ലെന്നോ
പണ്ടു നിങ്ങളരിഞ്ഞു തള്ളിയ ശിരസ്സുകണ്ടു വളർന്നവർ
ആ ശിരസ്സു തൊട്ടു നമിച്ചവർ നുര-
പൊന്തി വന്ന വികാരമുള്ളിലൊളിച്ചു വെച്ചു നടന്നവർ ഞങ്ങൾ
നുരപൊന്തി വന്ന വികാരമുള്ളിലൊളിച്ചു വെച്ചു നടന്നവർ ഞങ്ങൾ
അകലെയല്ല ശ്രവിക്കുവിൻ…അകലെയല്ല ശ്രവിക്കുവിൻ
എൻ കുലമുണർന്നു കുതിക്കയായ്
എൻ പിറകിലായവർ ചുവടു വെ-
ച്ചടരാടുവാനായ് വരികയായ്
അടരാടുവാനായ് വരികയായ്
കാട്ടുവള്ളി വലിച്ചു കെട്ടിയ വില്ലുമായ് കൂരമ്പുമായ്
അവർ വന്നു നിങ്ങടെ കോട്ടവാതിലിൽ മുട്ടിടും
മഴുവേന്തി നിങ്ങളെതിർക്കിലും ചുടു
ചോരചിന്തിയൊഴുക്കിടും
തലപുഴകൾ ചോരപ്പുഴകൾ തീർത്തവരന്നു നീന്തി രസിച്ചിടും
പാഴ്മൊഴികളല്ലിതു കണ്ഠനാളമലച്ചു പൊട്ടിയ വാക്കുകൾ
ഇതു കേട്ടു കേട്ടു രസിക്കുവിൻ പല
നാടു ചൊല്ലി നടക്കുവിൻ
കടലലകളായ് കാറ്റലകളായ് ഈ
നാടു നീളെ മുഴങ്ങിടാൻ
നാടു നീളെ മുഴങ്ങിടാൻ
നാടു നീളെ മുഴങ്ങിടാൻ