പ്രത്യുഷപുഷ്പമേ

പ്രത്യുഷപുഷ്പമേ പ്രത്യുഷപുഷ്പമേ
മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ 
പാതി വിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍ 
തേടുന്നതേതൊരു ദേവപാദം 

പാവം നിന്‍ ആരാമ വാതിൽക്കൽ നില്‍ക്കുമീ 
പാമരരൂപിയാം പാട്ടുകാരന്‍ 
ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന്‍ നേര്‍ക്കു 
നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ 

ആ രാഗ ഗായകന്‍ തന്‍ പരിദേവന 
വീണാനിനാദം ശ്രവിച്ചനേരം 
ഓര്‍ത്തു നില്കാതെയാ പൂവൊരു സന്ദേശം 
കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ 

ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ 
സ്നേഹത്തിന്‍ പൂക്കൂട എന്റെ ലക്ഷ്യം 
പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ്
പൂവിതുമാറിയാലാർക്കുചേതം! 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prathyusha pushpame

Additional Info

അനുബന്ധവർത്തമാനം