പൂക്കളാവുക നമ്മൾ
പൂക്കളാവുക നമ്മൾ - തേൻ
പൂക്കളാവുക നമ്മൾ
പൂത്തുലഞ്ഞീ രാഷ്ട്രവാടിയിൽ
സ്നേഹമെന്ന മണം പരത്തി
കാറ്റുപാടും ദേശഭക്തി
പാട്ടിനൊത്ത് നൃത്തമാടും
പൂക്കളാവുക നമ്മൾ
പൂക്കളാവുക നമ്മൾ
പലനിറങ്ങടെ ഒരുമയല്ലേ
പരിമളം പലതാവതല്ലേ
മഹിമ ഈ മലർവാടി തന്റെ മനോഭിരാമത്വം
ഒരുതരം പൂ മതിയിവിടെന്നൊരു മണം
മതിയെന്നുമെല്ലാമൊരു നിറത്തിൽ
വേണമെന്നും പറയുവാനാമോ
ശലഭമെത്തി ഉഗ്രധനം പകരുവാനും
സൗഹൃദത്തേൻ നുകരുവാനു-
മണഞ്ഞീടുമ്പോൾ തടയുവാനാമോ
അന്യജാതി പൂ നുകർന്ന
ശലഭമേ നീ പോകു ദൂരെ
എന്നൊരു പൂ ചൊന്ന് കേട്ടു-
കേൾവി ഇല്ലല്ലോ
വിവിധ വിശ്വാസങ്ങളാകും
പല നിറങ്ങളണിഞ്ഞ പൂക്കൾ
പകരുമേകതയെന്ന സംസ്കൃതി
എത്ര മഹനീയം - അതിനെന്ത്
ആത്മസൗരഭ്യം
ഇനിയുമീ മലർവാടിയിൽ
പൂ നിറമതിന്നുടെ പേരിനാരും
അതിരു തോണ്ടാൻ വേരറുക്കാൻ
വാളെടുക്കല്ലേ
അതു നടന്നാൽ...
അതു നടന്നാൽ പൂവനത്തിനു
പകരമീ നൽവാടിയിൽ
വീണഴുകി നാറും മലർദലങ്ങടെ
ജടമതേ കാണൂ
പൂക്കളാവുക നമ്മൾ - തേൻ
പൂക്കളാവുക നമ്മൾ
പൂത്തുലഞ്ഞീ രാഷ്ട്രവാടിയിൽ
സ്നേഹമെന്ന മണം പരത്തി
കാറ്റുപാടും ദേശഭക്തി
പാട്ടിനൊത്ത് നൃത്തമാടും
പൂക്കളാവുക നമ്മൾ
പൂക്കളാവുക നമ്മൾ
പൂക്കളാവുക നമ്മൾ
പൂക്കളാവുക നമ്മൾ