ലൂബ ഷീൽഡ്

Leuba Shield

ഫ്രഞ്ചുകാരിയായ ലൂബ ഷിൽഡ്, ഇന്ത്യൻ സംസ്കാരത്തെയും കലകളെയും അടുത്തറിയുന്നതിനായിട്ടാണ് കേരളത്തിലെത്തിയത്.. തുടർന്ന് നാൽപ്പത് വർഷത്തോളം കാലം ഇവിടെ ജീവിച്ച ഇവർ കലാമണ്ഡലം കൃഷ്ണൻ നായരുടെ കീഴിൽ കഥകളി അഭ്യസിക്കുകയുണ്ടായി.

  1977 ൽ ആറന്മുളയിൽ പമ്പാതീരത്ത് 'വിജ്ഞാന കലാവേദി' എന്ന സ്ഥാപനം ആരംഭിക്കുകയും അത് പിന്നീട് പടിപടിയായി വളരുകയും ചെയ്തു.. യുനെസ്കോയുടെയും ദേശീയ സംഗീത നാടക അക്കാദിയുടെയും സൗത്ത് സോൺ കൾച്ചറൽ സെൻ്ററിൻ്റെയുമെല്ലാം പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു.. 
നാടകം, നൃത്തം, ആയോധന കല, സംഗീതം കൊത്തുപണി, ഭാഷകൾ, പാചകം  തുടങ്ങി 18 ഓളം വിഷയങ്ങളിലെ പരിശീലനം പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ നടന്നുപോന്നു.. വിദ്യാർത്ഥികളിൽ ഏറിയ പങ്കും വിദേശികളായിരുന്നു.. UNESCO യുടെ  സഹകരണത്തോടെ വിജ്ഞാന കലാവേദി, വിവിധ കലാരൂപങ്ങളിന്മേലുള്ള വർക്ക്ഷോപ്പുകളും സെമിനാറുകളും പ്രദർശനങ്ങളുമെല്ലാം ഇന്ത്യയിലും വിദേശത്തും സംഘടിപ്പിച്ചു.

1988ൽ വേണു നാഗവള്ളി സംവിധാനം ചെയ്ത അയിത്തം എന്ന സിനിമയിൽ സ്വന്തം പേരും ആത്മാംശവുമുള്ള കഥാപാത്രമായി ലൂബ അഭിനയിച്ചു.

നീണ്ട നാൽപ്പതു വർഷത്തെ കേരളവാസത്തിനു ശേഷം 2009 ഓഗസ്റ്റിൽ സ്വദേശത്തേക്ക് മടങ്ങിയ ലൂബ നിലവിൽ ഫ്രാൻസിലെ ബ്രിട്ടനിയിൽ താമസിക്കുന്നു. ഇപ്പോഴും അവിടെ കലാരംഗത്ത് സജീവമായ ഇവർ കുട്ടികളുടെ കലാപരമായ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒ.പി.എച്ച്‌ അസ്സോസിയേഷൻ്റെ (Association Objectif Permanent: L'Homme) അദ്ധ്യക്ഷയാണ്.