കെ വി അബൂട്ടി

K V Abutty

മലപ്പുറം അരീക്കോട് സ്വദേശിയായ അബൂട്ടി ഹിന്ദുസ്ഥാനി, കർണ്ണാട്ടിക് സംഗീത ശാഖകളിൽ ബിരുദം നേടിയിട്ടുണ്ട്. ഇരുപത് വർഷത്തോളം ഒരു ഗവണ്മെന്റ് എയ്ഡഡ് സ്കൂളിൽ സംഗീതാദ്ധ്യാപകനായി അദ്ധേഹം സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം. സംഗീത സംവിധായകരായിരുന്ന കെ രാഘവനും എം എസ് ബാബുരാജിനുമൊപ്പം ഹാർമോണിസ്റ്റായും ഗായകനായും പ്രവർത്തിച്ചിരുന്നു. ചൂണ്ടക്കാരി എന്ന സിനിമയിൽ ഗായകനായും അതിനോടൊപ്പം ഒരു കഥാപാത്രമായി അഭിനയിച്ചുമാണ് അബൂട്ടി സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. മാപ്പിള രാമായണത്തിലെ "ദശരഥ രാജാവിന്... എന്നാരംഭിക്കുന്ന ഭാഗമാണ് അബൂട്ടി കണ്ണൂർ രാജന്റെ നിർദ്ദേശത്തിൽ ഈ ചിത്രത്തിൽ ആലപിച്ചത്.

പോൾ കല്ലനാട് സംവിധാനം ചെയ്ത കണ്ണ് എന്ന ചിത്രത്തിലെ കാനേഷ് പുനൂര് രചിച്ച "മഞ്ചാടിക്കുന്നിൽ... എന്നു തുടങ്ങുന്ന വരികൾക്ക് സംഗീതം പകർന്നുകൊണ്ടായിരുന്നു അബൂട്ടിയുടെ ചലച്ചിത്ര സംഗീത രംഗത്തേക്കുള്ള പ്രവേശനം. പക്ഷേ അദ്ദേഹം ആദ്യമായി സംഗീതം നൽകിയ ചിത്രം റിലീസായില്ല. ശശിമോഹൻ സംവിധാനം ചെയ്ത മിനുക്കം എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച ഒരു "സ്നേഹസൂര്യനായ് വിരിയുന്ന ഹൃദയം.. എന്ന യേശുദാസ് ഗാനത്തിനാണ് പിന്നീട് അബൂട്ടി സംഗീത സംവിധാനം നിർവഹിച്ചത്. ആ ചിത്രവും റിലീസ് ചെയ്തില്ല. 2020 -ൽ സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടൽ അതിരുകൾ എന്ന ചിത്രത്തിനായി അബുട്ടി മൂന്ന് ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും അതിലൊരെണ്ണം പാടിയഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ഭൂമിയുടെ ഉപ്പ്, കൊണ്ടോട്ടി പൂരം എന്നീ സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. മാന്യമഹാജനങ്ങളേ എന്ന ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയായും, അത്തം ചിത്തിര ചോതി എന്ന സിനിമയിൽ അബൂട്ടി എന്ന കഥാപാത്രമായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

സംഗീത സംവിധായകനെന്ന നിലയിൽ ആകാശവാണിയുടെ A top grade കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം നിലവിൽ ഡൽഹി ആകാശവാണിയിലെ music audition board കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചു വരുന്നു.സർവ്വകലാശാല മത്സരവേദികളിലെ സ്ഥിരം വിധികർത്താവായും അദ്ദേഹം പങ്കെടുക്കാറുണ്ട്.  തന്നെ ചലച്ചിത്രലോകത്തെത്തിച്ച മാപ്പിളരാമായണം ഒരു ഗാനമാലികയായി ചിട്ടപ്പെടുത്തി 2021 -ൽ പിണറായി സർക്കാരിന്റെ അഞ്ചാം വാർഷികത്തിന് അബൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം, കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ പ്രത്യേക പുരസ്കാരം, രാജീവ്ഗാന്ധി യൂത്ത് ഫെഡറേഷന്റെ സംഗീതപ്രതിഭ അവാർഡ്, പാലക്കാട് സ്വരലയയുടെ പ്രത്യേക പുരസ്കാരം, കൈരളി TV -യുടെ മികച്ച സംഗീതസംവിധായകനുള്ള അവാർഡ് തുടങ്ങിയ ബഹുമതികൾ അബൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

 

 

വിവരങ്ങൾക്ക് കടപ്പാട് പ്രദീപ് മലയിൽക്കടയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്