കെ ആർ മണി

K R MANI

മലയാള ചലച്ചിത്ര നടൻ. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് പോണാടാണ് കെ ആർ നാരായണൻ എന്ന കെ ആർ മണി ജനിച്ചത്. അച്ഛൻ കെ ആർ രാമൻകുട്ടി പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. അമ്മയുടെ പേര് നാണിക്കുട്ടിയമ്മ. ഏഴാം വയസ്സുമുതൽ മണി തുള്ളൽ പഠനം തുടങ്ങി. അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരു. പിന്നീട് കലാമണ്ഡലം ഗോപിനാഥപ്രഭ, ആയാംകുടി സി ആർ തങ്കപ്പൻ നായർ, കലാമണ്ഡലം ദിവാകരനാശാൻ എന്നിവരുടെ കീഴിലെല്ലാം തുള്ളൽ അഭ്യസിച്ചു. അതിനുശേഷം കലാമണ്ഡലത്തിൽ ഉപരിപഠനത്തിനു ചേർന്നു. കലാമണ്ഡലം പ്രഭാകരനാശാന്റെ കീഴിലായി തുടർപഠനം. തുള്ളലിലെത്തന്നെ വിവിധ വിഭാഗങ്ങളായ ശീതങ്കൻ തുള്ളൽ,പറയൻ തുള്ളൽ, ഓട്ടൻ തുള്ളൽ എന്നിവയിലെല്ലാം മണി പരിശീലനം നേടി. സ്കൂൾ, കോളേജ് പഠനകാലത്ത് കലോത്സവങ്ങളിൽ തുള്ളലിനും നാടകാഭിനയത്തിനും മണി പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു. പഠന ശേഷം കെ ആർ മണി തുള്ളൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. നല്ലൊരു ചിത്രകാരൻ കൂടിയാണ് കെ ആർ മണി. പാലാ ടൗണിലെ മിക്ക കടകളുടെയും നെയിംബോർഡ് അദ്ദേഹം എഴുതിയതാണ്. സർക്കാർ ബോർഡുകളെല്ലാം കോൺ ട്രാക്ട് എടുത്ത് എഴുതിയിരുന്ന കാലമുണ്ടായിരുന്നു മണിയ്ക്ക്. പാലാ സിവിൽസ്റ്റേഷൻ ഉപരാഷ്ട്രപതി കെ ആർ നാരായണൻ ഉദ്ഘാടനം ചെയ്യുമ്പോൾ കെ ആർ മണി എഴുതിയ ബോർഡായിരുന്നു അവിടെ സ്ഥാപിച്ചിരുന്നത്.

ആർട്ട് വർക്കുകൾ ചെയ്തുകൊണ്ടാണ് കെ ആർ മണി സിനിമയിലെത്തുന്നത്. സ്ത്രീ ഒരു ദു:ഖം, ഹിമവാഹിനി, തിരയും തീരവും തുടങ്ങിയ പഴയകാല സിനിമകളിലെല്ലാം മണി ആർട്ട് വർക്ക് ചെയ്തിട്ടുണ്ട്. കെ ആർ മണി ആദ്യമായി അഭിനയച്ച സിനിമ ഹരി ശ്രീ അശോകൻ അംവിധാനം ചെയ്ത ഒരു ഇന്റർ നഷണൽ ലോക്കൽ സ്റ്റോറി ആയിരുന്നു. പിന്നീട് മമ്മൂട്ടി നായകനായ മാമാങ്കം അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു വരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും മണി അഭിനയിക്കുന്നുണ്ട്.

കെ ആർ മണിയുടെ ഭാര്യയുടെ പേര് ഗിരിജാകുമാരി. മൂന്നുമക്കളാണ് അവർക്കുള്ളത്. ശരത്ത്, യശ്വന്ത്, ശ്വേത.