Sukumaran

നടൻ-നിർമ്മാതാവ്. മലപ്പുറം ഇടപ്പാൾ പൊന്നംകുഴി വീട്ടിൽ പരമേശ്വരൻ നായരുടെയും സുഭദ്രാമ്മയുടെയും അഞ്ച് മക്കളിലൊരാളായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയ ശേഷം നാഗർകോവിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ ലക്ചററായി ജോലി നോക്കുമ്പോഴാണ് എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യത്തിൽ അഭിനയിക്കാൻ അവസരമൊരുങ്ങുന്നത്. ദേശീയ തലത്തിൽപ്പോലും നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ആദ്യ ചിത്രത്തിനു ശേഷം ഏറെക്കാലം മറ്റ് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.നാലു വർഷത്തിനു ശേഷം 1977ൽ സുരാസു കഥയും തിരക്കഥയുമെഴുതി ബേബി സംവിധാനം ചെയ്ത “ശംഖുപുഷ്പ”ത്തിലൂടെയായിരുന്നു മലയാള സിനിമയിൽ സുകുമാരൻ ഒരു സജീവസാന്നിധ്യമായി മാറിയത്.ഡയലോഗ് പ്രസന്റേഷനിൽ തന്റേതായ ശൈലിയിൽ സുകുമാരൻ പ്രശസ്തനായിരുന്നു. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട “ഇരകൾ” എന്ന ചിത്രം നിർമ്മിച്ചത് സുകുമാരൻ ആയിരുന്നു. 

സിനിമയിൽ ആദ്യമായി സുകുമാരനെ രംഗത്തെത്തിച്ച എംടിയുടെ തന്നെ ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1978ൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനെന്ന അവാർഡും കരസ്ഥമാക്കിയിരുന്നു..കൂട്ടുകാരിയും നടിയുമായിരുന്ന മല്ലികാ സുകുമാരനെ വിവാഹം കഴിച്ചു. 1997 ജൂൺ പതിനാറിനായിരുന്നു മരണം. മക്കൾ ഇന്ദ്രജിത്തും പൃഥ്വീരാജും മലയാള സിനിമയിലെ നായകന്മാർ.