Sreehari
കൃഷിയും നാടകവുമായി നടന്നിരുന്ന ശ്രീഹരിയെ സിനിമയിൽ എത്തിച്ചത്, തനിയാവർത്തനത്തിന്റെ ഷൂട്ടിങ്ങ് സമയം മുതൽ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസുമായുള്ള അടുപ്പമാണ്. നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം 'സെറ്റ് അപ് ഡ്രാമ' എന്നാ അമച്വർ നാടക ട്രൂപ്പ് രൂപീകരിച്ച് പരീക്ഷണ നാടകൾ കളിച്ചിരുന്ന സമയത്താണ്, ശ്രീഹരിയുടെ തറവാട് തനിയാവർത്തനത്തിന്റെ പ്രധാന ലൊക്കേഷനായി മാറുന്നത്. അന്ന് മുതലാണ് ശ്രീഹരിയിൽ സിനിമാ ജ്വരം ആവേശിച്ചത്. നടനാകുന്നതിനപ്പുറം സംവിധാനത്തിലായിരുന്നു താല്പര്യം. അതിനിടയിൽ ചകോരത്തിൽ വേണുവിന്റെ സംവിധാന സഹായിയാകാൻ അവസരം ലഭിച്ചു. അടുത്ത സുഹൃത്തായ ലോഹിതദാസിന്റെ സംവിധാന സഹായി ആകണമെന്ന ആഗ്രഹവുമായി നടക്കുമ്പോഴാണ്, അദ്ദേഹം ശ്രീഹരിയെ ഭൂതക്കണ്ണാടിയിൽ അഭിനയിക്കാൻ വിളിക്കുന്നത്. പിന്നീട് കന്മദം, ഒരാൾ മാത്രം, ചിന്താവിഷ്ടയായ ശ്യാമള, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തു.