Syamaprasad-Director-Writer-Journalist
സംവിധായകൻ-എഴുത്തുകാരൻ-ദൃശ്യമാധ്യമപ്രവർത്തകൻ.1960ൽ കേരളത്തിൽ ജനിച്ചു . കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തീയറ്റർ ആർട്സ് വിഭാഗത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം 1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിൽ മീഡിയ പ്രൊഡക്ഷനിൽ മാസ്റ്റർ ബിരുദമെടുത്തു.ബിബിസി, ചാനൽ4 തുടങ്ങിയ അന്താരാഷ്ട്ര ടെലിവിഷൻ ചാനലുകളിൽ ജോലിചെയ്ത പരിചയം പിൽക്കാലത്ത് ദൂരദർശനിലെ ചില മികച്ച ടെലിഫിലിമുകളും ഡോക്യുമെന്ററികളും തയ്യാറാക്കാൻ ശ്യാമിനെ സഹായിച്ചു.
യഥാക്രമം 1998ലും 2004ലും മികച്ച പ്രാദേശിക ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡ് നേടിയെടുത്ത അഗ്നിസാക്ഷി,അകലെ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.ലോകപ്രശസ്തമായ കഥകൾ തനിമ നഷ്ടപ്പെടാതെ അഭ്രപാളികളിലേക്ക് കൊണ്ടു വരുന്നതിൽ പ്രാവീണ്യമുള്ള ശ്യാമിന് മികച്ച ടെലിവിഷൻ സംവിധായകനുള്ള പുരസ്ക്കാരം 1993,94,96 എന്നീ വർഷങ്ങളിൽ ലഭ്യമായിരുന്നു. നിരവധി അന്തർദ്ദേശീയ ചലച്ചിത്രമേളകളിലും പരാമർശിക്കപ്പെട്ട ചിത്രങ്ങൾ തയ്യാറാക്കി. രണ്ടു വട്ടം ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയംഗമായി സേവനം അനുഷ്ഠിച്ചു.സുനിൽ ഗംഗോപാദ്ധ്യയുടേതായി പുറത്തിറങ്ങിയ ബംഗാളി നോവലിനെ “ഒരേ കടൽ” എന്ന മലയാള ചലച്ചിത്രത്തിലൂടെ രംഗത്തെത്തിച്ചു.2007 ൽ ഇന്ത്യയിലെ അന്തർദ്ദേശീയ ചലച്ചിത്രത്തിൽ പ്രദർശിപ്പിച്ച “ഒരേ കടൽ” അവാർഡുകളോടൊപ്പം തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.2009ലെ ദേശീയ അവാർഡിനും “ഒരേ കടൽ” അർഹമായി.
കല്ലു കൊണ്ടൊരു പെണ്ണ് (1998) പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1999ൽ പുറത്തിറങ്ങിയ അഗ്നിസാക്ഷി വളരെയധികം അവാർഡുകൾ നേടിയെടുത്തു. പ്രശസ്ത കൃതികളുടെ സിനിമാവിഷ്കാരങ്ങളല്ലാതെ “അകളേ”, യുവാക്കളുടെ കഥപറയുന്ന “ഋതു” എന്നീ ചിത്രങ്ങളിലൂടെ മുഖ്യധാരാപ്രേക്ഷകരിലേക്കിറങ്ങിച്ചെല്ലാനും ശ്യാമിനു കഴിഞ്ഞു. മലയാളസിനിമയിലെ പുതിയ പരീക്ഷണമായിരുന്ന കേരള കഫൈയിൽ ജോഷ്വ ന്യൂട്ടന്റെ കഥക്ക് “ഓഫ് സീസൺ” എന്ന ചെറുസിനിമയും സംവിധാനം ചെയ്തു."ഇലക്ട്ര" എന്ന മലയാളസിനിമക്ക് ശേഷം “അരികെ”യാണ് പുതിയ ചിത്രം.
മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ശ്രീ.ഒ.രാജഗോപാലിന്റെ മകനായ ശ്യാമപ്രസാദ് ഭാര്യ ഷീബയോടും രണ്ട് കുട്ടികളോടുമൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്.നിലവിൽ അമൃത ടിവിയുടെ പ്രോഗ്രാം ഡിവിഷന്റെ പ്രസിഡന്റായി ജോലി നോക്കുന്നു.