Sarangapani

കങ്കാളിയുടേയും പാപ്പിയമ്മയുടേയും 12 മക്കളിൽ എട്ടാമനായി ആലപ്പുഴയിലെ കാഞ്ഞിരംചിറയിൽ ജനിച്ചു.  ഇദ്ദേഹത്തിന്റെ ചെറുപ്പത്തിലേ പിതാവ് അന്തരിച്ചു. ദുരിതപൂർണ്ണമായിരുന്നു ചെറുപ്പകാലം. കാഞ്ഞിരംചിറ ആശാൻ സ്കൂൾ, ആലപ്പുഴ ലിയോതേർട്ടീൻത് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. അഞ്ചാംതരം കഴിഞ്ഞപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസം അവസാനിപ്പിച്ച് ആറാട്ടുവഴിയിലെ എമ്പയർ കൊയർ വർക്സ് എന്ന സ്ഥാപനത്തിൽ ജോലിക്കു കയറി. പിന്നീട് നാടുവിട്ട് ഇടപ്പള്ളിയിലേക്കു പോന്നു. അവിടെ തയ്യൽത്തൊഴിലാളിയായിരുന്ന ഒരു ബന്ധുവിനൊപ്പംകൂടി തയ്യൽ പഠിച്ചു. ടി വി തോമസിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കമ്യൂണിസ്റ്റ് മുന്നേറ്റം നടന്ന കാലത്ത് ശാരംഗപാണി ആലപ്പുഴയിലേക്കു തിരിച്ചുപോയി. വീടിനോടുചേർന്ന് ഒരു തയ്യൽക്കട ഇട്ടു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെട്ടതിന്റെ നൂറാംവാർഷികവേളയിൽ ആലപ്പുഴ കയർത്തൊഴിലാളി കലാകേന്ദ്രം കയർഫാക്ടറി കേന്ദ്രീകൃതമാക്കി ഒരുക്കിയ "കോഴിക്കള്ളൻ മത്തായി" എന്ന നാടകം എഴുതിയത് ഇദ്ദേഹമാണ്‌. തമാശ നിറഞ്ഞ ഈ നാടകം എല്ലാവർക്കും ഇഷ്ടമായി. സിവിൽ ജയിലിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് അവതരിക്കപ്പെട്ട "അവരെന്റെ മക്കൾ" എന്ന നാടകവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ ചെറുനാടകം, പിന്നീട് ആലപ്പുഴ കയർ മാനേജിങ് കമ്മറ്റിയുടെ ആവശ്യമനുസരിച്ച് കുറച്ചുകൂടി വികസിപ്പിച്ച് പൂർണ്ണ നാടകമാക്കിക്കൊടുത്തു. എന്നാൽ ക്രമസമാധാനത്തിന്റെ പേരിൽ ഈ നാടകം ദിവാൻ നിരോധിച്ചു.

ഒരിക്കൽ തന്റെ തയ്യൽക്കടയിൽ വന്ന ഒരു മുസ്ലിം സ്ത്രീയുടെ കദനകഥ കേട്ട്, അത് നാടകമാക്കിയതാണ്‌ "ബല്ലാത്ത ദുനിയാവ്". ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തിയ നാടകമത്സരത്തിൽ ശാരംഗപാണി എഴുതിയ "ഭാവന" എന്ന നാടകത്തിന്‌ ഒന്നാം സമ്മാനം ലഭിച്ചു. നാടകപ്രവർത്തനം കാരണം തയ്യലിൽ ശ്രദ്ധചെലുത്താൻ കഴിഞ്ഞില്ല. പിന്നീട്, ടി വി തോമസിന്റെ ശുപാർശയിൽ സൌത്ത് ഇന്ത്യൻ റബ്ബർ ഫാക്ടറിയിൽ ജോലികിട്ടി. അപ്പോഴാണ്‌ ഉദയാസ്റ്റുഡിയോയിൽനിന്നും കുഞ്ചാക്കോയുടെ ക്ഷണം എത്തുന്നത്. മൊയ്തു പടിയത്തിന്റെ കഥ "ഉമ്മ" എന്ന പേരിൽ ഉദയാ സിനിമയാക്കുകയാണ്‌. തിരക്കഥ എഴുതുവാൻ പലരേയും സമീപിച്ചെങ്കിലും സ്ലാംഗിന്റേയും മറ്റും പേരുപറഞ്ഞ് അവർ ഒഴിഞ്ഞുമാറി. ആദ്യ നാലു സീനുകൾ ഒരു പരീക്ഷയെന്നപോലെ ശാരംഗപാണിക്ക് എഴുതാനായി നൽകി. എഴുതിയത് എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ ശാരംഗപാണി ആദ്യമായി ഒരു ചലച്ചിത്രത്തിന്റെ‌ തിരക്കഥാകൃത്തായി. 1958ലായിരുന്നു "ഉമ്മ" പുറത്തുവന്നത്.

പിന്നീട് "ശ്രീരാമപട്ടാഭിഷേകം", "ഉണ്ണിയാർച്ച", "പാലാട്ടുകോമൻ", "ആരോമൽ ചേവകർ", "കണ്ണപ്പനുണ്ണി", "ആരോമലുണ്ണി", "പോസ്റ്റുമാനെ കാണാനില്ല", "ചീനവല", "മാനിഷാദ", "നീലപ്പൊന്മാൻ", "പഞ്ചവൻ കാട്" തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

ഭാര്യ: പ്രശോഭിനി. മക്കൾ: കല, ജൂല, ബിജു.

2011 ഫെബ്രുവരി രണ്ടാം തീയ്യതി ശാരംഗപാണി അന്തരിച്ചു.