Vaikom Viajaylakshmi
വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്.1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെന്നെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ “ഗായത്രി വീണ” എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. “ഗായത്രി വീണ” കൊണ്ട് നിരവധി സംഗീതക്കച്ചേരികൾ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോൽസവം,സൂര്യ ഫെസ്റ്റിവൽ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.വിജയലക്ഷ്മി വിജിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ "സെല്ലുലോയി"ഡിലെ കാറ്റേ കാറ്റേ എന്ന യുഗ്മഗാനം ജി ശ്രീറാമൊത്ത് ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗായികയായും തുടക്കമിട്ടു.