Laila
മുംബൈയിൽ സ്ഥിരതാമസക്കാരായ,ഗോവൻ വേരുകളുള്ള മഹേന്ദ്ര മാഥൂറിന്റേയും ആവിഷ്കയുടെയും മകളാണ് ലൈല. തെന്നിന്ത്യയിലെ മൂന്നു ഭാഷകളിലും കൂടാതെ ഹിന്ദിയിലും ഉറുദുവിലും അഭിനയിച്ചിട്ടുള്ള ലൈലയുടെ സിനിമാപ്രവേശനം മെഹ്മൂദ് സംവിധാനം ചെയ്ത "ദുശ്മൻ ദുനിയാ കാ" എന്നാ ഹിന്ദി ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് തെലുഗു സിനിമയിൽ എസ് വി കൃഷ്ണ റെഡ്ഡി, സുന്ദർദാസിന്റെ "സല്ലാപം" സിനിമയുടെ റീമേക്കായ "എഗിരേ പാവുരമാ" എന്ന സിനിമയിലൂടെ അവതരിപ്പിച്ചു. തുടർന്നും തെലുഗു സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന ലൈല,രാജൻ പി ദേവ് സംവിധാനം ചെയ്ത "ഇതാ ഒരു സ്നേഹഗാഥയിലെ" നായികാവേഷത്തിലൂടെ [വിക്രം ആയിരുന്നു ഇതിലെ നായകൻ] മലയാളം സിനിമയിലുമെത്തി. ഒരു വർഷത്തിനുശേഷം ഭാരതി സംവിധാനം ചെയ്ത "കല്ലഴകർ" എന്ന സിനിമയിലൂടെ തമിഴ് സിനിമാലോകത്തും ലൈല അവതരിപ്പിയ്ക്കപ്പെട്ടു.
അഭിനേത്രി എന്ന നിലയിൽ ലൈലയ്ക്ക് മികച്ച റോളുകൾ കിട്ടിയത് തമിഴകത്തുനിന്നുമാണ് . ബാല സംവിധാനം ചെയ്ത "നന്ദാ" എന്ന സിനിമയിലെ അഭിനയത്തിന് 2001 ൽ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര് അവാർഡും "പിതാമഹൻ"-ലെ അഭിനയത്തിന് 2003ലും അതേ അവാർഡും കൂടാതെ തമിഴ്നാട് സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള അവാർഡും,സംസ്ഥാന സർക്കാറിന്റെ തന്നെ മികച്ച നടിയ്ക്കുള്ള ഇന്റർനാഷണൽ തമിൾ ഫിലിം അവാർഡും ലഭിച്ചു.
ഇറാനിയൻ വ്യവസായിയായ മെഹ്ദിൻ ആണ് ലൈലയുടെ ഭർത്താവ് . മലയാളത്തിലെ നാല് സിനിമകൾ ഉൾപ്പെടെ ഇതുവരെ നാല്പ്പതോളം സിനിമകളിൽ അഭിനയിച്ച ലൈല വിവാഹശേഷം അഭിനയരംഗത്തോട് വിട പറഞ്ഞു.
ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡാൻസിൽ പരിശീലനം നേടിയ ബാലേ നർത്തകി കൂടിയാണ് ബിരുദധാരിയായ ലൈല.